പുകയില ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയ്ക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്. പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും യുവാക്കളെ സംരക്ഷിക്കുന്നതിനുമായാണ് കുവൈറ്റ് പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. ഒപ്പം ഇവ വാങ്ങുന്നതിനുള്ള പ്രായപരിധി ഇരുപത്തൊന്നു വയസ്സായി നിശ്ചയിക്കുകയും ചെയ്തു. പുതിയ നിയമം 2027 ജനുവരി മുതൽ പ്രാബല്യത്തിൽ വരും എന്ന് ആരോഗ്യമന്ത്രി ഡോ അഹമ്മദ് അൽ അവാദി വ്യക്തമാക്കി. 2026 ലെ 237 മത്തെ മന്ത്രിതല പ്രമേയത്തിലാണ് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
എല്ലാ തരത്തിലുമുള്ള പുകയില ഉൽപ്പന്നങ്ങളുടെയും ഇവയുമായി ബന്ധപ്പെട്ട അനുബന്ധ ഉപകരണങ്ങളുടെയും ഓൺലെെൻ വഴിയുള്ള വിൽപ്പനയാണ് നിരോധിച്ചിരിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതും വിൽക്കുന്നതുമായ കുട്ടികളെ ഇതിൽ നിന്നും വിലക്കാൻ സാധിക്കുമെന്നും ഇത് കർശനമാക്കാനും നടപ്പിലാക്കാനുമാണ് ലക്ഷ്യമിടുന്നത് എന്നും അധികൃതർ വ്യക്തമാക്കി.
പൊതുജനാരോഗ്യം സംരക്ഷിക്കാനും യുവതലമുറയിലെ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുവേണ്ടിയും പുകയില ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, പാക്കേജിങ്, വിതരണം, വില്‍പ്പന എന്നിങ്ങനെയുള്ളവയില്‍ നിയന്ത്രണം കൊണ്ടുവരാനും വേണ്ടിയാണ് ഇത്തരത്തില്‍ നിയമം കൊണ്ടുവരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നിയമം ജനുവരി ഒന്ന് 2027 മുതല്‍ നിലവില്‍ വരും എന്ന് അധികൃതര്‍ അറിയിച്ചു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും വ്യാപാരികൾക്കും എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പുകയില ഉൽപ്പന്നങ്ങളിലേക്കുള്ള യുവാക്കളുടെ കടന്നുവരവ് നിയന്ത്രിക്കുകയും ഓൺലൈൻ വിൽപ്പനയിലൂടെ നടക്കുന്ന അനധികൃത ഇടപാടുകൾ തടയുകയും ചെയ്യുക എന്നതാണ് പുതിയ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം.
Content Highlight: Kuwait has introduced new public health regulations that restrict online sales of certain products and establish a minimum age requirement for purchases