ലൈസൻസ് ലംഘനവും സുരക്ഷാ വീഴ്ചകളും കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ വിവിധ വ്യവസായ മേഖലകളിലെ 19 പ്ലോട്ടുകൾ പൂട്ടിച്ച് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി. നാല് പ്രധാന മേഖലകളിലായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് പബ്ലിക് അതോറിറ്റി കടുത്ത നടപടി സ്വീകരിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ സർക്കാരിന്റെ ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അൽയൗമിൽ' പ്രസിദ്ധീകരിച്ചു.
അൽ മിർഖാബ് (സൂഖ് അൽ സഫാറിൻ) - 5, അംഘറ സൗത്ത് - 5, അൽ ജഹ്റ - 5, സുബ്ഹാൻ - 4 എന്നിങ്ങനെയാണ് അടച്ചുപൂട്ടിയ പ്ലോട്ടുകളുടെ വിവരങ്ങൾ. കാലഹരണപ്പെട്ട ലൈസൻസുകൾ, പ്രവർത്തിപ്പിക്കാത്ത ഭൂമി, അനധികൃത നിർമ്മാണം, അനുവദിച്ച അതിർത്തി ലംഘിച്ചുള്ള കൈയേറ്റം, ഫയർ സേഫ്റ്റി പെർമിറ്റുകളുടെ അഭാവം എന്നിവയാണ് അതോറിറ്റി ചൂണ്ടിക്കാണിച്ച പ്രധാന നിയമലംഘനങ്ങൾ.
കൂടാതെ ആവശ്യമായ ലൈസൻസുകളില്ലാതെ വ്യവസായ-വാണിജ്യ പ്രവർത്തനങ്ങൾ നടത്തുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത തൊഴിലാളി ക്യാമ്പുകൾ നടത്തുക, മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സാധനങ്ങളുടെ സംഭരണം തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനായി പൂട്ടിയിട്ട തീയതി മുതൽ ഒരു മാസത്തെ സമയം ഉടമകൾക്ക് അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനകം പോരായ്മകൾ പരിഹരിച്ചില്ലെങ്കിൽ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ശക്തമായ തുടർന്നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
Content Highlights: Kuwait has tightened enforcement in industrial areas, with authorities shutting down 19 plots for regulatory violations. The action is part of intensified measures to ensure compliance with industrial regulations.