കുവൈറ്റിൽ സന്ദർശന വിസകൾ (വിസിറ്റ് വിസ) താമസ വിസകളാക്കി മാറ്റുന്നതിന് നൽകിയ നൂറുകണക്കിന് പ്രവാസി അപേക്ഷകൾ അധികൃതർ തള്ളി. അടുത്തിടെ നിലവിൽ വന്ന പുതിയ മന്ത്രാലയ ഉത്തരവിലെ നിബന്ധനകൾ പാലിക്കുന്നതിൽ അപേക്ഷകർ പാലിച്ചില്ലെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെയും റസിഡൻസി അഫയേഴ്സ് വകുപ്പുകളിൽ വലിയ തോതിൽ പ്രവാസികൾ അപേക്ഷ സമർപ്പിച്ചിരുന്നു.
വിസിറ്റ് വിസയിലുള്ള എല്ലാ പ്രവാസികൾക്കും പുതിയ ഇളവുകൾ ബാധകമാണെന്ന ധാരണയിലാണ് പലരും അപേക്ഷ സമർപ്പിച്ചതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. എന്നാൽ കർശന വ്യവസ്ഥകൾ പാലിക്കാത്തതിനാൽ നിരവധിയാളുകളുടെ ആവശ്യങ്ങൾ നിരസിക്കപ്പെടുകയായിരുന്നു. ശേഷിക്കുന്ന അപേക്ഷകൾ ബന്ധപ്പെട്ട അധികാരികളുടെ അന്തിമ അനുമതിക്കായി തീർപ്പുകൽപ്പിക്കാതെ പരിശോധനയിൽ തുടരുകയാണ്.
കുവൈറ്റിൽ വിസിറ്റ് വിസകൾ റസിഡൻസി പെർമിറ്റുകളാക്കി മാറ്റുന്നത് പ്രവാസികൾക്കും എല്ലാ രാജ്യക്കാർക്കും പൊതുവായി ലഭിക്കുന്ന ആനുകൂല്യമല്ലെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഓരോ അപേക്ഷയും സൂക്ഷമമായി പരിശോധിച്ച് മാത്രമായിരിക്കും അന്തിമ തീരുമാനം എടുക്കുന്നത്. ചില പ്രത്യേക വിഭാഗങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക അനുമതിയും ആവശ്യമാണ്.
പുതിയ നിയമപ്രകാരം, കുടുംബങ്ങളെ ഒപ്പം താമസിപ്പിക്കുന്നതിനായി ഭാര്യക്കും 18 വയസ്സിൽ താഴെയുള്ള ആൺമക്കൾക്കും 21 വയസ്സിൽ താഴെയുള്ള പെൺമക്കൾക്കും വിസിറ്റ് വിസ റസിഡൻസി വിസയാക്കി മാറ്റാൻ സാധിക്കും. ഇതിനായി അപേക്ഷകന് കുറഞ്ഞത് 800 കുവൈറ്റി ദിനാർ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം. കൂടാതെ മാറ്റത്തിനായുള്ള നിശ്ചിത ഫീസ്, ഹെൽത്ത് ഇൻഷുറൻസ്, റസിഡൻസി ഫീസ് എന്നിവയും പൂർണ്ണമായി അടയ്ക്കേണ്ടതുണ്ട്.
ചില മാനുഷിക പരിഗണനകൾ മുൻനിർത്തി ഇളവുകളും പുതിയ ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അമ്മയ്ക്ക് സാധുവായ റസിഡൻസിയുണ്ടെങ്കിൽ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നതിനും റസിഡൻസി കാലാവധി തീർന്ന് ഒരു വർഷത്തിൽ താഴെ മാത്രം പൂർത്തിയായ ഭാര്യമാർക്ക് ഭർത്താക്കന്മാർ സ്പോൺസർഷിപ്പ് പുതുക്കി നൽകുന്നതിനും പ്രത്യേക അനുമതിയോടെ ഇളവുകൾ ലഭ്യമാകും.
അതേസമയം, ഭാര്യക്കും മക്കൾക്കുമായി നൽകുന്ന സന്ദർശന വിസകൾ തൊഴിൽ വിസകളാക്കി മാറ്റാൻ കഴിയില്ലെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. വിസിറ്റ് വിസയിൽ എത്തി ഉയർന്ന അക്കാദമിക് യോഗ്യതയോ പ്രത്യേക സാങ്കേതിക കഴിവുകൾ ഉള്ളവർക്കും നിലവിലുള്ള ചട്ടങ്ങൾക്ക് വിധേയമായി നിശ്ചിത ഗാർഹിക തൊഴിലാളികൾക്കും മാത്രമാണ് തൊഴിൽ റസിഡൻസിയിലേക്ക് മാറുവാൻ അനുമതിയുള്ളത്. രാജ്യത്തെ തൊഴിൽ വിപണിയിലെ ആവശ്യകതയും നിയമപരമായ മാനദണ്ഡങ്ങളും മുൻനിർത്തി മാത്രമായിരിക്കും ഇനി വരുന്ന അപേക്ഷകളിലും തീരുമാനമുണ്ടാകുകയെന്ന് അധികൃതർ വ്യക്തമാക്കി.
Content Highlights: Kuwait authorities have rejected numerous residency visa applications submitted by expatriates for failing to meet applicable rules and requirements. The move highlights the country's stricter enforcement of residency regulations.