കുവൈറ്റിന്റെ ദേശീയ വിമാനക്കമ്പനിയായ കുവൈറ്റ് എയർവേയ്സിന്റെ ഭരണഘടനയിലും പ്രവർത്തന രീതിയിലും നിർണായക മാറ്റങ്ങൾ വരുത്തി കുവൈറ്റ് സർക്കാർ. കമ്പനിയെ പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഷെയർഹോൾഡിങ് കമ്പനിയാക്കി മാറ്റുന്ന നിയമഭേദഗതി പ്രാബല്യത്തിൽ വന്നു. വിമാനക്കമ്പനിയുടെ ഭരണനിർവഹണം കൂടുതൽ ശക്തമാക്കാനും പ്രവർത്തനമികവ് ഉയർത്തി ദീർഘകാല വളർച്ച ഉറപ്പാക്കാനുമാണ് ഈ പുതിയ നീക്കം.
രാജ്യത്തെ കമ്പനീസ് നിയമത്തിന്റെ പരിധിയിലേക്ക് മാറുന്നതോടെ അന്താരാഷ്ട്ര തലത്തിലുള്ള ആധുനിക നിയമ ചട്ടക്കൂടുകൾ കുവൈറ്റ് എയർവേയ്സിനും ലഭ്യമാകുമെന്ന് ചെയർമാൻ അബ്ദുൽമുഹ്സിൻ സാലിം അൽ ഫഗാൻ വ്യക്തമാക്കി. ലോക വ്യോമയാന രംഗത്ത് അതിവേഗം സംഭവിക്കുന്ന മാറ്റങ്ങൾക്കൊപ്പമെത്താനും സ്ഥാപനത്തിന്റെ തന്ത്രപരമായ ആസൂത്രണവും കാര്യക്ഷമതയും വർദ്ധിപ്പിക്കാനും ഈ മാറ്റത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ കോർപ്പറേറ്റ് ഘടന നിലവിൽ വന്നതോടെ ഭരണപരമായ തീരുമാനങ്ങൾ അതിവേഗം കൈക്കൊള്ളാനും വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് സേവനങ്ങൾ പുനഃക്രമീകരിക്കാനും എളുപ്പമാകും. പ്രവർത്തന ചെലവുകൾ ചുരുക്കാനും നിലവിലെ സാമ്പത്തിക നഷ്ടം കുറയ്ക്കാനും വേഗത്തിലുള്ള തീരുമാനങ്ങൾ സഹായിക്കും. എങ്കിലും ഇന്ധനവിലയിലുള്ള വ്യതിയാനം, യാത്രക്കാരുടെ ആവശ്യകത, ആഗോള സാമ്പത്തിക സ്ഥിതി തുടങ്ങിയ ബാഹ്യഘടകങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും കമ്പനിയുടെ ഭാവി പ്രവർത്തനങ്ങളെന്നും ചെയർമാൻ ഓർമ്മിപ്പിച്ചു.
Content Highlights: Kuwait Airways has become fully government-owned following major decisions by the authorities. The move is expected to bring significant changes to the airline's management and operations.