സാമ്പത്തിക കുടിശ്ശിക വരുത്തിയവർക്കും കടക്കാർക്കുമെതിരെ നടപടികൾ കടുപ്പിച്ച് കുവൈറ്റ് നീതിന്യായ മന്ത്രാലയം. കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം 4,357 പേർക്കാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. കൂടാതെ പണം അടച്ചുതീർക്കാത്ത 2,645 കടക്കാർക്കെതിരെ അറസ്റ്റ് വാറന്റും തടങ്കൽ ഉത്തരവുകളും പുറപ്പെടുവിച്ചു.
കുവൈറ്റ് മന്ത്രാലയത്തിന്റെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി ആകെ നാല് ലക്ഷത്തിലധികം എൻഫോഴ്സ്മെന്റ് നടപടികളാണ് ജൂൺ മാസത്തിൽ പൂർത്തിയാക്കിയത്. സാമ്പത്തിക കുടിശ്ശിക വരുത്തിയവരുടെ ആസ്തികൾ പിടിച്ചെടുക്കാനുള്ള നടപടികളാണ് പ്രധാനമായും നടന്നത്. കടക്കാരുടെ ആസ്തികൾ കണ്ടുകെട്ടുന്നതിനായി 83,380 റിക്കവറി റിപ്പോർട്ടുകൾ പുറപ്പെടുവിച്ചു.
ഗവർണറേറ്റുകൾ തിരിച്ചുള്ള കണക്കുകളിൽ 1,20,778 എൻഫോഴ്സ്മെന്റ് നടപടികളുമായി ക്യാപിറ്റൽ ഗവർണറേറ്റാണ് ഒന്നാമത്. അഹമ്മദിയിൽ 75,634-ഉം, ഹവല്ലിയിൽ 67,452-ഉം നടപടികൾ പൂർത്തിയാക്കി. ഫർവാനിയ, ജഹ്റ, മുബാറക് അൽ-കബീർ എന്നിവിടങ്ങളിലും വിപുലമായ പരിശോധനകളും കേസ് നടപടികളും നടന്നു. അതിർത്തി ക്രോസിംഗുകളിലും സുലൈബിയ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലുമായി 1,315 എൻഫോഴ്സ്മെന്റ് നടപടികളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനുപുറമെ വാഹനങ്ങളുടെ എൻഫോഴ്സ്മെന്റ് പിടിച്ചെടുക്കൽ പിൻവലിക്കാൻ 4,481 അപേക്ഷകളും, 39,377 റിലീസ് റിപ്പോർട്ടുകളും ലഭിച്ചു. 5,826 കേസുകളിൽ എൻഫോഴ്സ്മെന്റ് റിപ്പോർട്ടുകൾ തയ്യാറാക്കുകയും, പണം അടയ്ക്കുന്നതിനായി കടക്കാരെ നേരിട്ട് ഹാജരാക്കിയ 699 സംഭവങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. വരും ദിവസങ്ങളിലും കർശന എൻഫോഴ്സ്മെന്റ് തുടരാനാണ് അധികൃതരുടെ തീരുമാനം.
Content Highlights: Kuwait is strengthening action against individuals with outstanding financial dues. Authorities are moving ahead with measures to recover unpaid amounts, including procedures to seize assets where applicable.