പ്രവാസികൾക്ക് ആശ്വാസം; കുവൈറ്റിൽ സന്ദർശക വിസ എളുപ്പത്തിൽ തൊഴിൽ, കുടുംബ റസിഡൻസിയാക്കി മാറ്റാം

നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു

കുവൈറ്റിൽ സന്ദർശക വിസ തൊഴിൽ റസിഡൻസിയിലേക്കും കുടുംബ റസിഡൻസിയിലേക്കും മാറ്റുന്നതിന് അനുമതി നൽകി ആഭ്യന്തര മന്ത്രാലയം. ഇതിനായി 150 കുവൈറ്റ് ദിനാർ ഫീസ് ഈടാക്കും. വിദേശികളുടെ താമസനിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയുള്ള പുതിയ തീരുമാനം ഔദ്യോഗിക ഗസറ്റായ “കുവൈറ്റ് അൽ യൗം” പ്രസിദ്ധീകരിച്ചതോടെ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

പുതിയ ചട്ടപ്രകാരം, എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ആർട്ടിക്കിൾ 16 അനുസരിച്ച് സന്ദർശക വിസ സാധാരണ റസിഡൻസിയാക്കി മാറ്റുന്നതിനാണ് 150 ദിനാർ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഗാർഹിക തൊഴിലാളികളുടെ റസിഡൻസിയിലേക്കും അതേ വിഭാഗത്തിൽപ്പെടുന്ന മറ്റ് വിസകളിലേക്കും മാറ്റത്തിന് ഈ ഫീസ് ബാധകമല്ല. എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ആർട്ടിക്കിൾ 20 പ്രകാരമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

സർക്കാർ വകുപ്പുകളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും സന്ദർശക വിസയിൽ ജോലിക്കായി എത്തുന്ന, സർവകലാശാല ബിരുദമോ അംഗീകൃത സാങ്കേതിക യോഗ്യതയോ ഉള്ളവർക്ക് തൊഴിൽ റസിഡൻസിയിലേക്ക് മാറാൻ അനുമതിയുണ്ട്. ഗാർഹിക തൊഴിലാളികൾക്കും സമാന വിഭാഗങ്ങളിലുള്ളവർക്കും ഈ സൗകര്യം ലഭിക്കും. കുടുംബ സന്ദർശക വിസയിലോ ടൂറിസ്റ്റ് വിസയിലോ കുവൈറ്റിലെത്തുന്നവർക്ക് കുടുംബ റസിഡൻസിയിലേക്ക് മാറാനും അനുമതി നൽകിയിട്ടുണ്ട്.

തൊഴിൽ വിസയിൽ കുവൈറ്റിലെത്തി റസിഡൻസി നടപടികൾ ആരംഭിച്ച ശേഷം നടപടികൾ പൂർത്തിയാകുന്നതിന് മുമ്പ് രാജ്യം വിട്ടുപോയവർ, ഒരു മാസത്തിൽ കൂടുതൽ വിദേശത്ത് താമസിച്ചിട്ടില്ലെങ്കിൽ വീണ്ടും കുവൈറ്റിലെത്തി തൊഴിൽ റസിഡൻസി നടപടികൾ പൂർത്തിയാക്കാനും അവസരമുണ്ട്. ഇതുകൂടാതെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഡയറക്ടർ ജനറൽ നിർദേശിക്കുന്ന മറ്റ് വിഭാഗങ്ങൾക്കും ഈ ആനുകൂല്യം ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Content Highlights: Kuwait has introduced easier procedures for expatriates to change visit visas into work and family residency permits. The move is expected to benefit many expats seeking legal residency options in the country.

To advertise here,contact us