ഒരിടവേളയ്ക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം. വടക്കൻ കുവൈറ്റിൽ ഒരു ചൈനീസ് നിർമ്മാണ കമ്പനിയുടെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും കെട്ടിടത്തിന് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. മേഖലയിൽ സംഘർഷം വീണ്ടും കനക്കുന്നതിന്റെ സൂചനയായാണ് ഈ പുതിയ സംഭവം വിലയിരുത്തപ്പെടുന്നത്.
കുവൈറ്റ് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ അത്വാനാണ് ആക്രമണ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വടക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്നും വിവരമറിഞ്ഞ ഉടൻ തന്നെ ബന്ധപ്പെട്ട സുരക്ഷാ സേനയും അടിയന്തര വിഭാഗങ്ങളും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും തുടർന്നും സ്വീകരിക്കുമെന്ന് കുവൈറ്റ് സായുധ സേന വ്യക്തമാക്കി.
അമേരിക്ക ഇറാനിൽ വീണ്ടും ബോംബാക്രമണം പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാൻ കുവൈറ്റിലും ആക്രമണം നടത്തിയത്. കഴിഞ്ഞ അഞ്ച് മാസമായി തുടരുന്ന സംഘർഷം പ്രധാന യുദ്ധമുഖങ്ങളിൽ നിന്ന് മാറി കൂടുതൽ പ്രാദേശിക രാജ്യങ്ങളിലേക്ക് പടരുകയാണ്. കഴിഞ്ഞ ദിവസം ഇറാന് നേരെ അമേരിക്ക വീണ്ടും ശക്തമായ തിരിച്ചടി തുടങ്ങിയതോടെ പശ്ചിമേഷ്യൻ മേഖല വീണ്ടും വൻ സുരക്ഷാ ഭീഷണിയിലാണ്. സംഭവത്തെ തുടർന്ന് മേഖലയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും പ്രവാസികളടക്കമുള്ള സാധാരണക്കാർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Content HIghlights: A renewed airstrike in Kuwait has reportedly struck a foreign company building, resulting in one fatality. The incident has heightened concerns over regional security as authorities assess the damage and investigate the attack.