പ്രവാസികൾക്ക് തിരിച്ചടി; കുവൈറ്റിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് നിരക്ക് കുത്തനെ ഉയർത്തി

പല സേവനങ്ങൾക്കും നിലവിലുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം തുക നൽകേണ്ടി വരുന്ന രീതിയിലാണ് മാറ്റം

കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾക്ക് വൻ തിരിച്ചടിയായി പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചു. നിലവിലെ സേവന ദാതാക്കൾക്ക് പകരമായി ജൂലൈ ഒന്നു മുതൽ ചുമതലയേൽക്കുന്ന 'ഡ്യൂ ഡിജിറ്റൽ ഗ്ലോബൽ' എന്ന കമ്പനിയാണ് തങ്ങളുടെ വെബ്‌സൈറ്റിലൂടെ പുതിയ നിരക്കുകൾ പുറത്തുവിട്ടത്. പല സേവനങ്ങൾക്കും നിലവിലുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം തുക നൽകേണ്ടി വരുമെന്നതിനാൽ, സാധാരണക്കാരായ പ്രവാസികൾക്ക് ഇത് വലിയൊരു സാമ്പത്തിക ബാധ്യതയായി മാറും.

നിലവിൽ ഏകദേശം ഒരു ദിനാർ മാത്രമായിരുന്ന ബേസിക് സർവീസ് ചാർജ് പുതിയ പരിഷ്കാരത്തോടെ ആറ് ദിനാറായാണ് ഉയർത്തിയിരിക്കുന്നത്. ടൈപ്പിംഗ്, പ്രിന്റിംഗ്, അപേക്ഷാ സഹായം, ഫോട്ടോക്കോപ്പി, കൊറിയർ സേവനം എന്നിവയെല്ലാം ഒന്നിച്ച് ഉൾപ്പെടുത്തിയാണ് ഈ ആറ് ദിനാർ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. മുമ്പ് കൊറിയർ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് പരമാവധി 3.5 ദിനാർ വരെ മാത്രം ചിലവഴിച്ചിരുന്ന സ്ഥാനത്താണ് പ്രവാസികൾക്ക് ഇനി മുതൽ കൂടുതൽ തുക നൽകേണ്ടി വരുന്നത്.

മുമ്പ് പ്രവാസികൾക്ക് ആവശ്യമെങ്കിൽ മാത്രം തിരഞ്ഞെടുക്കാമായിരുന്ന കൊറിയർ, ടൈപ്പിംഗ്, ഫോട്ടോ സേവനങ്ങൾ പുതിയ സംവിധാനത്തിൽ നിർബന്ധിതമാക്കിയിട്ടുണ്ട് എന്നതാണ് സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. സേവന കേന്ദ്രങ്ങൾക്ക് സമീപം താമസിക്കുന്നവരും കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവരുമായ തൊഴിലാളികൾ പണം ലാഭിക്കാനായി മുൻപ് കൊറിയർ സേവനം ഒഴിവാക്കാറായിരുന്നു പതിവ്. എന്നാൽ പുതിയ നിയമപ്രകാരം എല്ലാവരും ഈ തുക നിർബന്ധമായും നൽകേണ്ടി വരും. പാസ്‌പോർട്ട് സേവനങ്ങൾക്ക് പുറമെ മറ്റ് കോൺസുലർ സേവനങ്ങൾക്കും ഈ നിരക്ക് വർദ്ധനവ് ബാധകമാണ്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി നിരവധി സർട്ടിഫിക്കറ്റുകൾ അറ്റെസ്റ്റ് ചെയ്യേണ്ടി വരുന്ന നഴ്‌സുമാർ ഉൾപ്പെടെയുള്ള പ്രൊഫഷണലുകൾക്കും ഈ മാറ്റം കനത്ത തിരിച്ചടിയാകും.

അതേസമയം, കുവൈറ്റിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ നിന്ന് അടുത്ത മൂന്ന് വർഷത്തിനിടെ ഏകദേശം 90 കോടി ഇന്ത്യൻ രൂപയുടെ വരുമാനം സമാഹരിക്കാൻ കഴിയുമെന്നാണ് പുതിയ കമ്പനി പ്രതീക്ഷിക്കുന്നത്. നിരക്ക് വർദ്ധനവിലൂടെ പ്രവാസികൾക്ക് അധിക ബാധ്യത ഉണ്ടാകുമെങ്കിലും സേവന നിലവാരം മെച്ചപ്പെടുത്താനായി ഓൺലൈൻ അപ്പോയിന്റ്മെന്റ് ഉൾപ്പെടെയുള്ള പുതിയ സൗകര്യങ്ങൾ കമ്പനി വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. ഇത് കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനും പ്രവാസികളുടെ സമയം ലാഭിക്കാനും സഹായിക്കും. ദജീജ്, ഫഹാഹീൽ, കുവൈറ്റ് സിറ്റി, ജഹറ എന്നീ നാല് കേന്ദ്രങ്ങളിലാണ് പുതിയ കമ്പനിയുടെ സേവനം ലഭ്യമാകുക. ഇതിൽ മുമ്പ് അബ്ബാസിയയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം ദജീജിലേക്ക് മാറ്റി സ്ഥാപിച്ചതാണ് പ്രധാന മാറ്റങ്ങളിലൊന്ന്.

Content Highlights: Indian nationals in Kuwait will have to pay more for passport, visa, and other consular services following a steep revision in service charges. The fee hike is expected to affect a large number of expatriates who regularly depend on these services for travel and documentation needs.

To advertise here,contact us