മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന പ്രദേശം ഇനി മാതൃകാ ന​ഗരമാകും; പദ്ധതിയുമായി കുവൈറ്റ്

യുവാക്കളുടെയും കുടുംബങ്ങളുടെയും ആവശ്യങ്ങൾ പരിഗണിച്ച് പൊതുസേവന കേന്ദ്രങ്ങളുടെ നവീകരണം, പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ, സുരക്ഷിതമായ പൊതുസ്ഥലങ്ങൾ എന്നിവ ഒരുക്കുന്നതിനാണ് മുൻഗണന

കുവൈറ്റിലെ ഫർവാനിയ ഗവർണറേറ്റിനെ അടുത്ത അഞ്ച് വർഷത്തിനകം മാതൃകാ നഗരമാക്കി മാറ്റുമെന്ന് ഗവർണർ അദിബ് അൽ നാസർ അൽ സബാഹ്. അടിസ്ഥാന സൗകര്യ വികസനത്തിനും പൊതുസേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുമായി സമഗ്രമായ വികസന പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലയാണിത്.

മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹം ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന മേഖലകളാണ് അബ്ബാസിയയും ഖൈത്താനും ഫർവാനിയയും. ഈ പ്രദേശങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ആധുനിക സൗകര്യങ്ങളും ഉറപ്പാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. യുവാക്കളുടെയും കുടുംബങ്ങളുടെയും ആവശ്യങ്ങൾ പരിഗണിച്ച് പൊതുസേവന കേന്ദ്രങ്ങളുടെ നവീകരണം, പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ, സുരക്ഷിതമായ പൊതുസ്ഥലങ്ങൾ എന്നിവ ഒരുക്കുന്നതിനാണ് മുൻഗണന. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും.

അതേസമയം, പ്രവാസികൾ ധാരാളമായി താമസിക്കുന്ന ജലീബ് അൽ-ഷുയൂഖ് മേഖല ഇപ്പോഴും നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. അനധികൃത നിർമ്മാണങ്ങൾ, കുടുംബേതര തൊഴിലാളികളുടെ അമിതമായ സാന്നിധ്യം, തെരുവ് കച്ചവടം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ഉയർന്ന ജനസാന്ദ്രത തുടങ്ങിയ പ്രശ്നങ്ങൾ ഈ പ്രദേശത്തിന്റെ വികസനത്തെ ബാധിച്ചിരിക്കുകയാണ്.

ജലീബ് അൽ-ഷുയൂഖിലെ പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി മുനിസിപ്പൽ മന്ത്രി, മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ, സുരക്ഷാ-പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘത്തോടൊപ്പം നിരവധി തവണ പ്രദേശം സന്ദർശിച്ചതായി ഗവർണർ അറിയിച്ചു. വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അടുത്ത അഞ്ച് വർഷത്തിനകം ഫർവാനിയ ഗവർണറേറ്റിനെ കൂടുതൽ ക്രമബദ്ധവും സുരക്ഷിതവുമായ മാതൃകാ നഗരമാക്കി മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Content Highlights: Kuwait has unveiled plans to develop a model city in a region known for its large Malayali expatriate community. The initiative focuses on modern infrastructure, improved civic amenities, sustainable urban development, and better living standards for residents.

To advertise here,contact us