കുവൈറ്റിൽ ആരോഗ്യ മന്ത്രാലയം അകാരണമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ട സ്വദേശി ജീവനക്കാരിയെ സർവീസിൽ തിരിച്ചെടുക്കാൻ അപ്പീൽ കോടതി ഉത്തരവിട്ടു. ഇതിന് പുറമെ, യുവതിക്ക് 5,000 കുവൈത്തി ദിനാർ (ഏകദേശം 13 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നൽകാനും കോടതി വിധിച്ചു. തുടർച്ചയായി 15 ദിവസം ജോലിക്ക് ഹാജരായില്ലെന്ന് ആരോപിച്ചായിരുന്നു ആരോഗ്യ മന്ത്രാലയം ഇവരെ പിരിച്ചുവിട്ടിരുന്നത്. മന്ത്രാലയത്തിന്റെ പ്രവർത്തി പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഇപ്പോൾ നടപടി റദ്ദാക്കിയിരിക്കുന്നത്.
ആരോഗ്യ മന്ത്രാലയത്തിൽ സീനിയർ ഇലക്ട്രോണിക്സ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ജീവനക്കാരിയാണ് തനിക്കെതിരെയുള്ള അനീതിക്കെതിരെ നിയമപോരാട്ടം നടത്തിയത്. താൻ കൃത്യമായി ജോലിയിൽ ഹാജരായിരുന്നുവെന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കിയാണ് യുവതി കോടതിയെ സമീപിച്ചത്. ഹർജി ആദ്യം പരിഗണിച്ച അഡ്മിനിസ്ട്രേറ്റീവ് കോടതി (കീഴ്ക്കോടതി) ജീവനക്കാരിയുടെ വാദങ്ങൾ അംഗീകരിക്കുകയും അവരെ അടിയന്തരമായി ജോലിയിൽ തിരിച്ചെടുക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
എന്നാൽ കീഴ്ക്കോടതി വിധിക്കെതിരെ ആരോഗ്യ മന്ത്രാലയം അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. മന്ത്രാലയം സമർപ്പിച്ച അപ്പീൽ പൂർണ്ണമായി തള്ളിക്കൊണ്ടാണ് ഇപ്പോൾ അപ്പീൽ കോടതി കീഴ്ക്കോടതിയുടെ വിധി ശരിവെച്ചിരിക്കുന്നത്. കോടതിയുടെ ഈ അന്തിമ ഉത്തരവോടെ ജീവനക്കാരിക്ക് തങ്ങളുടെ പഴയ തസ്തികയിൽ തന്നെ ജോലിയിൽ പ്രവേശിക്കാനും മന്ത്രാലയത്തിന്റെ തെറ്റായ നടപടി മൂലമുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്ക് വലിയ തുക നഷ്ടപരിഹാരം നേടാനും വഴിതുറന്നു.
Content Highlights: A court in Kuwait has annulled a decision by the Ministry of Health to terminate a female employee and directed authorities to reinstate her. The judgment reinforces employee rights and underscores the importance of legal procedures in administrative actions affecting public-sector workers.