റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ കുവൈറ്റിൽ വ്യാപക പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ 16,721 ട്രാഫിക് നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ജൂൺ 15 മുതൽ 21 വരെ നടന്ന പരിശോധനകളിലാണ് ഇത്രയും നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഇതിൽ ഒരു ദിവസം മാത്രം 2,790 ലംഘനങ്ങൾ രേഖപ്പെടുത്തി. റഡാർ സംവിധാനങ്ങൾ വഴി 174 അമിതവേഗ കേസുകളും കണ്ടെത്തി. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച 94 പേർക്കും സീറ്റ് ബെൽറ്റ് ധരിക്കാത്ത 60 പേർക്കുമെതിരെ നടപടിയെടുത്തു. അനധികൃത വിൻഡോ ടിന്റിംഗ് നടത്തിയ 79 കേസുകളും ട്രക്കുകളുമായി ബന്ധപ്പെട്ട 71 നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. കൂടാതെ ചരക്ക് നിയന്ത്രണ നിയമങ്ങൾ ലംഘിച്ച 24 കേസുകളും കണ്ടെത്തി.
പരിശോധനകളുടെ ഭാഗമായി 354 വാഹനങ്ങളും അഞ്ച് മോട്ടോർ ബൈക്കുകളും കസ്റ്റഡിയിലെടുത്തു. ലൈസൻസില്ലാതെ വാഹനമോടിച്ച ഏഴ് യുവാക്കളെ പിടികൂടിയതോടൊപ്പം താമസ നിയമലംഘനവുമായി ബന്ധപ്പെട്ട 31 പേരെയും അധികൃതർ അറസ്റ്റ് ചെയ്തു. അതേസമയം, റിപ്പോർട്ട് കാലയളവിൽ 1,215 ട്രാഫിക് അപകടങ്ങളും കൂട്ടിയിടികളും രേഖപ്പെടുത്തിയതായി ട്രാഫിക് വകുപ്പ് അറിയിച്ചു. 2,339 പരാതികളും ഈ കാലയളവിൽ കൈകാര്യം ചെയ്തു. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് വീണ്ടും അഭ്യർഥിച്ച ട്രാഫിക് വകുപ്പ്, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനകളും നിയമനടപടികളും കൂടുതൽ ശക്തമാക്കുമെന്നും അറിയിച്ചു.
Content Highlights: Traffic authorities in Kuwait registered 16,721 violations during a one-week inspection drive. As part of the enforcement campaign, 354 vehicles were seized for various offences, reflecting ongoing efforts to improve road safety and ensure compliance with traffic laws.