കുവൈറ്റിൽ പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച പരാതികൾ റിപ്പോർട്ട് ചെയ്യാൻ പുതിയ ഡിജിറ്റൽ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. സഹൽ ആപ്പ് വഴിയാണ് ഈ സേവനം ലഭ്യമാകുന്നത്. പരാതികൾ നൽകാനും അവയുടെ പുരോഗതി പിന്തുടരുന്നതും കൂടുതൽ ലളിതമാക്കുകയാണ് ഡിജിറ്റൽ സംവിധാനത്തിന്റെ ലക്ഷ്യം.
കുവൈറ്റ് അഴിമതി വിരുദ്ധ സമിതി അവതരിപ്പിച്ച പുതിയ സംവിധാനത്തിലൂടെ മൂന്ന് പ്രധാന ഇലക്ട്രോണിക് സേവനങ്ങളാണ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. അഴിമതി സംബന്ധിച്ച സംശയങ്ങൾ നേരിട്ട് ഓൺലൈനായി റിപ്പോർട്ട് ചെയ്യാനും അതുമായി ബന്ധപ്പെട്ട അധിക രേഖകൾ അപ്ലോഡ് ചെയ്യാനുമാകും. പരാതിയുടെ നിലവിലെ സ്ഥിതിയും പുരോഗതിയും അറിയാനും ഈ സംവിധാനത്തിൽ സാധിക്കും.
പരാതികളുടെ രഹസ്യതയും സുരക്ഷയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പരാതിക്കാരുടെ വിവരങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്നും എല്ലാ റിപ്പോർട്ടുകളും അതീവ രഹസ്യമായി കൈകാര്യം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. പരീക്ഷണ ഘട്ടത്തിൽ സേവനങ്ങളുടെ കാര്യക്ഷമതയും ഉപയോക്താക്കളുടെ അഭിപ്രായങ്ങളും അധികൃതർ വിശദമായി വിലയിരുത്തും.
ലഭിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ മെച്ചപ്പെടുത്തലുകൾ വരുത്തിയ ശേഷം വരും ദിവസങ്ങളിൽ ഈ സേവനം പൂർണ്ണതോതിൽ ഔദ്യോഗികമായി പുറത്തിറക്കാനാണ് തീരുമാനം. പുതിയ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച പരാതികൾ ഓൺലൈനായി കൂടുതൽ എളുപ്പത്തിലും സുരക്ഷിതമായും റിപ്പോർട്ട് ചെയ്യാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
Content Highlights: Kuwait authorities have launched a new feature on the Sahel app that allows users to report suspected corruption electronically. The initiative aims to enhance transparency, strengthen accountability, and make reporting procedures more accessible to the public.