കുവൈറ്റിൽ സ്വദേശികളും മറ്റ് കുടുംബങ്ങളും താമസിക്കുന്ന മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നത് തടയുന്നതിന്റെ ഭാഗമായി നടപടികൾ ശക്തമാക്കി കുവൈറ്റ് മുൻസിപ്പാലിറ്റി. സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുക, നിയമലംഘനങ്ങൾ വഴിയുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെ വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്നാണ് പുതിയ നടപടികൾ സ്വീകരിക്കുന്നത്.
ക്യാപിറ്റൽ, ജഹ്റ ഗവർണറേറ്റുകളുടെ മുൻസിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ നിസാർ അൽ അവ്വാദിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക സമിതിയാണ് ഇത് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ എടുത്തത്. വിവിധ വകുപ്പ് പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ, നിലവിലെ നിയമങ്ങൾ കൂടുതൽ കർക്കശമാക്കാൻ തീരുമാനമായി. പാർപ്പിട മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നത് കുവൈറ്റ് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഒഴിവാക്കാനാണ് അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിയമലംഘനങ്ങൾ ഫലപ്രദമായി തടയുന്നതിനായി കൃത്യമായ മാർഗരേഖ യോഗത്തിൽ തയ്യാറാക്കി. റെസിഡൻഷ്യൽ ഏരിയകളിൽ കുടുംബങ്ങളല്ലാത്തവർ താമസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അധികൃതർക്ക് പരാതി നൽകാം. ലഭിക്കുന്ന പരാതികളിൽ കാലതാമസമില്ലാതെ പരിശോധന നടത്തി കർശന നടപടി സ്വീകരിക്കുന്നതാണ്.
നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ ഊർജിതമാക്കാൻ മറ്റ് സർക്കാർ വകുപ്പുകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പ്രത്യേക സംയുക്ത സമിതികൾ (വർക്കിങ് ഗ്രൂപ്പുകൾ) രൂപീകരിച്ചിട്ടുണ്ട്. ഈ സമിതികളുടെ പ്രവർത്തനങ്ങളും പരിശോധനാ ഫലങ്ങളും കൃത്യമായി വിലയിരുത്തുമെന്നും നിശ്ചിത ഇടവേളകളിൽ ഇതിന്റെ റിപ്പോർട്ടുകൾ സമർപ്പിക്കുമെന്നും നിസാർ അൽ അവ്വാദ് വ്യക്തമാക്കി.
Content Highlights: Kuwait authorities have stepped up inspections and enforcement actions against bachelors living in family-only residential zones. The move is part of ongoing efforts to regulate housing arrangements and maintain the intended use of family neighbourhoods.