കുവൈറ്റിൽ അഞ്ചുപേർക്ക് വധശിക്ഷ; പ്രതികളിൽ ശിക്ഷയ്ക്ക് തൊട്ടുമുമ്പ് ജയിൽ ചാടിയവരും

കുവൈറ്റ് സെൻട്രൽ ജയിലിലാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്

കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ അതിഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട അഞ്ചുപേരുടെ വധശിക്ഷ കുവൈറ്റിൽ നടപ്പാക്കി. മൂന്ന് കുവൈറ്റ് പൗരന്മാർ, ഒരു ഈജിപ്ത് സ്വദേശി, പൗരത്വമില്ലാത്ത ഒരു ബിദൂൻ വിഭാഗക്കാരൻ എന്നിവരാണ് ശിക്ഷയ്ക്ക് വിധേയരായത്. കുവൈറ്റ് പബ്ലിക് പ്രോസിക്യൂഷനാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

കുവൈറ്റ് സെൻട്രൽ ജയിലിലാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്. കീഴ്‌ക്കോടതികൾ മുതൽ മേൽക്കോടതികൾ വരെയുള്ള വിവിധ നിയമനടപടികൾക്കും വിചാരണകൾക്കും ഒടുവിലാണ് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകാൻ തീരുമാനിച്ചത്. നിയമപ്രകാരം പ്രതികൾ നൽകിയ എല്ലാ അപ്പീലുകളും കോടതി തള്ളിക്കളയുകയും വിധികൾ അന്തിമമായി ശരിവെക്കുകയും ചെയ്തതിന് ശേഷമാണ് നടപടികൾ പൂർത്തിയാക്കിയതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

വധശിക്ഷയ്ക്ക് വിധേയരായവരിൽ കഴിഞ്ഞ മാസം സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട് പിന്നീട് പിടിയിലായ മൂന്നുപേരും ഉൾപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. ഹസൻ സാലിം ആയിശ് അൽറശീദി, അലി മനാഹി മുഫ്റഹ് അൽസുബൈഇ, അഹ്മദ് മുഹമ്മദ് ഖാതിഅ് ഉബൈദ് എന്നിവരാണ് ഇവർ. സ്വന്തം സഹോദരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസ്, ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസ്, മയക്കുമരുന്ന് കടത്ത് എന്നീ ക്രൂരമായ കുറ്റകൃത്യങ്ങൾക്കാണ് ഇവർക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നത്.

ശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കഴിഞ്ഞ മെയ് 31-നായിരുന്നു സുരക്ഷാ വീഴ്ച മുതലെടുത്ത് ഇവർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. തുടർന്ന് സുരക്ഷാ സേന രാജ്യവ്യാപകമായി നടത്തിയ കർശന പരിശോധനകൾക്കും വ്യാപക തിരച്ചിലിനുമൊടുവിൽ ജൂൺ 2-ന് മൂവരെയും വീണ്ടും പിടികൂടുകയായിരുന്നു. ഇതിന് പിന്നാലെ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കിയാണ് അധികൃതർ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്.

Content Highlights: Authorities in Kuwait have executed five individuals convicted in separate criminal cases. Among those executed were three Kuwaiti citizens, while the others were foreign nationals. The executions were carried out following the completion of legal procedures.

To advertise here,contact us