ഹോർമുസിലെ പ്രതിസന്ധികൾ ഒഴിഞ്ഞു; എണ്ണ ഉത്പ്പാദനം പ്രതിദിനം 20 ലക്ഷം ബാരലായി ഉയർത്താൻ കുവൈറ്റ്

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ കുവൈറ്റിന്റെ എണ്ണ ഉത്പ്പാദനം വൻതോതിൽ ഇടിഞ്ഞിരുന്നു

യുഎസ്-ഇറാൻ സമാധാന കരാറിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നതോടെ, എണ്ണ ഉത്പ്പാദനം പ്രതിദിനം 20 ലക്ഷം ബാരലായി ഉയർത്താൻ കുവൈറ്റ്. യുദ്ധത്തെത്തുടർന്ന് തകരാറിലായ അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയാണ് ഒപെകിലെ അഞ്ചാമത്തെ വലിയ എണ്ണ ഉത്പ്പാദക രാജ്യമായ കുവൈറ്റ് ഉത്പ്പാദന ശേഷി വീണ്ടെടുക്കുന്നത്.

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ കുവൈറ്റിന്റെ എണ്ണ ഉത്പ്പാദനം വൻതോതിൽ ഇടിഞ്ഞിരുന്നു. ഒപെക് രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്തുള്ള കുവൈറ്റിന്റെ ഉത്പ്പാദനം മാർച്ചിൽ 55 ശതമാനം ഇടിഞ്ഞ് 11.6 ലക്ഷം ബാരലായും മേയ് മാസത്തിൽ അത് 5,73,000 ബാരലായും ചുരുങ്ങി. സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും ഉള്ളതുപോലെ ഹോർമുസ് കടലിടുക്ക് ഒഴിവാക്കാനുള്ള ബദൽ പൈപ്പ്‌ലൈൻ സംവിധാനങ്ങൾ കുവൈറ്റിന് ഇല്ലാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടെ പ്രാദേശിക ആവശ്യങ്ങൾക്കുള്ള എണ്ണ മാത്രമാണ് രാജ്യം ഉത്പ്പാദിപ്പിച്ചിരുന്നത്.

എന്നാൽ, യുദ്ധത്തിൽ തകർന്ന ഇൻഫ്രാസ്ട്രക്ചറുകൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ അറ്റകുറ്റപ്പണികൾ നടത്തി രാജ്യം ഉത്പ്പാദന ശേഷി തിരിച്ചുപിടിച്ചതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ വ്യക്തമാക്കി. തുറമുഖങ്ങളിലേക്കുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പൽ സർവീസുകൾ പൂർണ്ണമായി പുനരാരംഭിക്കുന്നതോടെ ആഴ്ചകൾക്കകം യുദ്ധത്തിന് മുൻപുള്ള ഉത്പ്പാദന നിരക്കിലേക്ക് കുവൈറ്റ് തിരിച്ചെത്തും. ഇതിന്റെ ഭാഗമായി യുദ്ധസമയത്ത് പ്രഖ്യാപിച്ചിരുന്ന 'ഫോഴ്സ് മജ്യൂർ' നിയന്ത്രണങ്ങൾ കമ്പനി പിൻവലിച്ചു തുടങ്ങി. ജൂലൈ മാസത്തെ വിതരണത്തിനായി 20 ലക്ഷം ബാരൽ വീതമുള്ള കുവൈറ്റ് കയറ്റുമതി ക്രൂഡ് ടെൻഡറുകളും കെപിസി ക്ഷണിച്ചിട്ടുണ്ട്.

ഭാവിയിൽ ഇത്തരം പ്രതിസന്ധികൾ മറികടക്കാൻ അയൽരാജ്യങ്ങളുമായി സഹകരിച്ച് പൈപ്പ്‌ലൈൻ ശൃംഖല വികസിപ്പിക്കാനും അന്താരാഷ്ട്ര എണ്ണക്കമ്പനികളെ നിക്ഷേപത്തിനായി ക്ഷണിക്കാനും കുവൈറ്റ് പദ്ധതിയിടുന്നുണ്ട്. നിലവിലുള്ള സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ, യുഎഇയുടെ ഫുജൈറ പൈപ്പ്‌ലൈൻ എന്നിവ വഴി കുവൈറ്റിന്റെ എണ്ണയും കയറ്റുമതി ചെയ്യാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

Content Highlights: Kuwait has announced plans to increase oil production to 2 million barrels per day as tensions surrounding the Strait of Hormuz show signs of easing. The move is expected to support energy supplies and help stabilize global oil markets amid recent geopolitical uncertainties in the region.

To advertise here,contact us