കുടുംബ സുരക്ഷ ഉറപ്പാക്കി കുവൈറ്റ്; പുതിയ ഗാർഹിക പീഡന വിരുദ്ധ നിയമം വിജയത്തിലേക്ക്

കുടുംബ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, നിയമ നടപടികളുടെ ദുരുപയോഗം തടയാനും പുതിയ നിയമം സഹായിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി

കുവൈറ്റിൽ ഗാർഹിക പീഡന കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ. പുതിയ ഗാർഹിക പീഡന വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്ന് മൂന്ന് മാസം പിന്നിടുമ്പോൾ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ 33 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ സുമൈത് അറിയിച്ചു.

കുടുംബങ്ങളുടെ സുരക്ഷയും സാമൂഹിക സ്ഥിരതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ പുതിയ ഗാർഹിക പീഡന വിരുദ്ധ നിയമം ഫലം കണ്ടുതുടങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 486 ഗാർഹിക പീഡന കേസുകളാണ് പൊതു പ്രോസിക്യൂഷനിൽ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ആദ്യ മൂന്ന് മാസങ്ങളിൽ കേസുകളുടെ എണ്ണം 328 ആയി കുറഞ്ഞതായി നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ സുമൈത് അറിയിച്ചു. ഇതോടെ കേസുകളിൽ 33 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കുടുംബ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, നിയമ നടപടികളുടെ ദുരുപയോഗം തടയാനും പുതിയ നിയമം സഹായിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കുടുംബത്തിനുള്ളിൽ ഉണ്ടാകുന്ന ചില തർക്കങ്ങളിൽ പ്രശ്നപരിഹാരത്തിനും അനുരഞ്ജനത്തിനും നിയമം അവസരം നൽകുന്നുണ്ട്. എന്നാൽ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഒത്തുതീർപ്പിനോ ഇളവുകൾക്കോ യാതൊരു സാധ്യതയും നിയമം അനുവദിക്കുന്നില്ല. ലൈംഗിക അതിക്രമങ്ങൾ, മാതാപിതാക്കൾക്കെതിരായ മക്കളുടെ അതിക്രമങ്ങൾ, കുട്ടികൾക്കും നിയമപരമായ സംരക്ഷണം ആവശ്യമുള്ളവർക്കുമെതിരായ അതിക്രമങ്ങൾ തുടങ്ങിയ കേസുകളിൽ കർശന നടപടികളാണ് നിയമം നിർദ്ദേശിക്കുന്നത്. ഇത്തരം കേസുകളിൽ ഇരകളുടെ സുരക്ഷയും അവകാശ സംരക്ഷണവും ഉറപ്പാക്കുന്നതിനാണ് നിയമം കൂടുതൽ പ്രാധാന്യം നൽകുന്നത്.

കുടുംബത്തെ സമൂഹത്തിന്റെ അടിസ്ഥാന ശിലയായി കണ്ട് അതിനെ സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയുടെ ഭാഗമായാണ് 31 വകുപ്പുകളുള്ള ഈ നിയമം ആവിഷ്കരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഗാർഹിക പീഡന സംഭവങ്ങൾ കുറയ്ക്കുന്നതിനും സാമൂഹിക സുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള സമഗ്രമായ നിയമ ചട്ടക്കൂടാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മന്ത്രിസഭ പുതിയ ഗാർഹിക പീഡന വിരുദ്ധ നിയമത്തിന് അംഗീകാരം നൽകിയത്. തുടർന്ന് മാർച്ചിൽ ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അൽ-യൗം’ പ്രസിദ്ധീകരിച്ചതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്. നിയമം നടപ്പിലാക്കി വെറും മൂന്ന് മാസത്തിനുള്ളിൽ തന്നെ കേസുകളുടെ എണ്ണത്തിൽ പ്രകടമായ കുറവ് രേഖപ്പെടുത്തിയതോടെ, കുടുംബ സംരക്ഷണ രംഗത്ത് കുവൈത്ത് സ്വീകരിച്ച നടപടികൾ ഫലപ്രദമാണെന്ന വിലയിരുത്തലാണ് ഉയരുന്നത്.

Content Highlights: Kuwait is witnessing positive outcomes from its domestic violence prevention framework, with officials highlighting progress in family protection and victim support mechanisms. The measures aim to enhance legal safeguards, improve reporting systems, and promote a safer environment for families across the country.

To advertise here,contact us