കുവൈറ്റിലെ റോഡുകളിൽ ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയം പരിശോധനകൾ ശക്തമാക്കി. ജൂൺ 8 മുതൽ 14 വരെ ട്രാഫിക് വകുപ്പും അൽ-നജ്ദ പൊലീസും ചേർന്ന് നടത്തിയ വ്യാപക പരിശോധനകളിൽ 21,258 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അധികൃതർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, രേഖപ്പെടുത്തിയ നിയമലംഘനങ്ങളിൽ 19,938 എണ്ണത്തിന് പിഴ ചുമത്തിയിട്ടുണ്ട്. ഗുരുതര നിയമലംഘനങ്ങളുടെ പേരിൽ 419 കാറുകളും 21 മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തതോടൊപ്പം 46 പേരെ ട്രാഫിക് കസ്റ്റഡിയിൽ പാർപ്പിക്കുകയും ചെയ്തു.
അതേസമയം, ഇതേ കാലയളവിൽ രാജ്യത്തുടനീളം 1,097 ട്രാഫിക് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 160 അപകടങ്ങളിൽ ആളുകൾക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക് പരിശോധനകൾക്ക് പുറമെ സുരക്ഷാ നടപടികളും ശക്തമാക്കിയിട്ടുണ്ട്. വിവിധ കേസുകളിലായി 51 പേരെയും താമസ നിയമലംഘനങ്ങളുടെ പേരിൽ 27 പേരെയും അറസ്റ്റ് ചെയ്തു. കൂടാതെ, നിയമനടപടികൾ നേരിടുന്ന നിരവധി വാഹനങ്ങളും കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത 11 പേരുമായി ബന്ധപ്പെട്ട കേസുകൾ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് അച്ചടക്കം പാലിക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Content Highlights: Kuwait authorities have stepped up traffic inspections, resulting in more than 21,000 violations being recorded in eight days. The campaign is part of efforts to enhance road safety and enforce strict adherence to traffic regulations.