കുവൈറ്റിൽ പുതിയ ട്രാഫിക് നിയമം ഫലം കണ്ടു; നിയമ ലംഘനത്തിൽ വലിയ കുറവ്

കർശനമായ നിയമനടപടികളും വ്യാപകമായ ബോധവത്ക്കരണ പ്രവർത്തനങ്ങളും നിയമലംഘനങ്ങൾ കുറയാൻ നിർണായകമായി പ്രവർത്തിച്ചതായും മന്ത്രാലയം വിലയിരുത്തുന്നു.

കുവൈറ്റിൽ പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയതിന് പിന്നാലെ അമിതവേഗവും ചുവപ്പ് സിഗ്നൽ ലംഘനങ്ങളും ഗണ്യമായി കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ട്രാഫിക് നിയമലംഘനങ്ങളിൽ 60 ശതമാനത്തിലേറെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2025 ഏപ്രിൽ 22 മുതൽ 2026 ഏപ്രിൽ 21 വരെയുള്ള കാലയളവിൽ 5,61,820 അമിതവേഗ നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻവർഷം ഇത് 16,18,739 നിയമലംഘനങ്ങളായിരുന്നു. 65 ശതമാനത്തിന്റെ കുറവാണ് അമിതവേ​ഗ നിയമലംഘനങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായി ചുവപ്പ് സിഗ്നൽ ലംഘനങ്ങൾ 1,40,539ൽ നിന്ന് 51,732 ആയി കുറഞ്ഞിട്ടുണ്ട്. ഏകദേശം 63 ശതമാനത്തിന്റെ കുറവാണ് ചുവപ്പ് സി​ഗ്നൽ നിയമലംഘനങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

റോഡ് സുരക്ഷ ശക്തിപ്പെടുത്തുകയും അപകടമരണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതിനായി 2025 ഏപ്രിലിൽ നടപ്പിലാക്കിയ പുതിയ ട്രാഫിക് നിയമത്തിന്റെ നേരിട്ടുള്ള പ്രതിഫലനമായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത് എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കർശനമായ നിയമനടപടികളും വ്യാപകമായ ബോധവത്ക്കരണ പ്രവർത്തനങ്ങളും നിയമലംഘനങ്ങൾ കുറയാൻ നിർണായകമായി പ്രവർത്തിച്ചതായും മന്ത്രാലയം വിലയിരുത്തുന്നു.

അതിനിടെ, ഗുരുതരമായ അമിതവേഗ കേസുകളിൽ അധികൃതർ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം ജഹ്‌റയിൽ മണിക്കൂറിൽ 171 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിച്ച രണ്ട് കുവൈത്ത് പൗരന്മാരെ അറസ്റ്റ് ചെയ്ത് ട്രാഫിക് പൊലീസിന് കൈമാറി. അതേസമയം, ഹൈവേയിൽ മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിച്ച ഒരു അറബ് പ്രവാസിയെയും അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിരുന്നു.

പുതിയ നിയമപ്രകാരം ഗുരുതര ട്രാഫിക് നിയമലംഘനങ്ങളിൽ ഏർപ്പെടുന്ന പ്രവാസികൾക്ക് നാടുകടത്തലും കുവൈത്ത് പൗരന്മാർക്ക് ജയിൽശിക്ഷ ഉൾപ്പെടെയുള്ള കർശന ശിക്ഷാനടപടികളും നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നതിലൂടെ മാത്രമേ റോഡ് സുരക്ഷ ഉറപ്പാക്കാനാകൂവെന്നും നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനകളും നടപടികളും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Kuwait's revised traffic law has produced positive results, with authorities reporting a substantial reduction in traffic violations. The stricter regulations and enhanced enforcement measures are believed to have improved road discipline and safety across the country.

To advertise here,contact us