രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിൽ പുതിയ ചുവടുവെപ്പുമായി കുവൈറ്റ്. ചരിത്രത്തിലാദ്യമായി 27 സ്വദേശി വനിതകളെ കോടതി സെഷൻ സെക്രട്ടറിമാരായി നിയമിച്ചു. നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ സുമൈതാണ് ഇതുസംബന്ധിച്ച സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ നീതിന്യായ സംവിധാനത്തിന്റെ ഭരണപരമായ എല്ലാ തലങ്ങളിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ കുവൈറ്റ് വനിതകൾക്ക് സാധിച്ചിരിക്കുകയാണ്.
പുതുതായി ചുമതലയേറ്റ വനിതാ ഉദ്യോഗസ്ഥർക്ക് കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജുഡീഷ്യൽ ആൻഡ് ലീഗൽ സ്റ്റഡീസിൽ ആവശ്യമായ പ്രത്യേക പരിശീലനം നൽകിയിരുന്നു. തുടർന്ന് നിയമനം ലഭിച്ച ഉദ്യോഗസ്ഥരുമായി നീതിന്യായ മന്ത്രാലയ അണ്ടർസെക്രട്ടറി അവാത്തിഫ് അൽ സനദ് കൂടിക്കാഴ്ച നടത്തി. കോടതികളിലെ പ്രവർത്തനരീതികൾ, ഔദ്യോഗിക ചുമതലകൾ, സെഷൻ സെക്രട്ടറിമാരുടെ പങ്ക് എന്നിവയെക്കുറിച്ച് അദ്ദേഹം ഉദ്യോഗസ്ഥർക്ക് വിശദീകരിച്ചു നൽകി.
കോടതി നടപടികൾ കൃത്യമായി രേഖപ്പെടുത്തുക, വിചാരണകളുടെ മിനിറ്റ്സ് തയ്യാറാക്കുക, ജഡ്ജിമാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും തീരുമാനങ്ങളും നിയമപരമായി രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുക എന്നിവയാണ് സെഷൻ സെക്രട്ടറിമാരുടെ പ്രധാന ചുമതലകൾ.
പുതിയ നിയമനങ്ങൾ കുവൈറ്റിന്റെ നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഭരണപരമായ സുതാര്യത ഉറപ്പാക്കുന്നതിനും വലിയ സഹായകരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. രാജ്യത്തെ വിവിധ സർക്കാർ മേഖലകളിൽ വനിതാ പ്രാതിനിധ്യം ശക്തമാക്കാനുള്ള കുവൈറ്റിന്റെ ദീർഘകാല വികസന പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി.
Content Highlights: In a landmark move for gender representation, Kuwait has appointed 27 women as court session secretaries for the first time in its judicial history. The decision is seen as a progressive step toward greater inclusion of women in the country’s justice and administrative system.