കുവൈറ്റില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനായി സഹേല്‍ ആപ്പില്‍ രണ്ട് പുതിയ സേവനങ്ങള്‍ കൂടി ആരംഭിച്ചു. പുതിയ സംവിധാനത്തിലൂടെ ഗാര്‍ഹിക ഡ്രൈവര്‍മാരുടെ വിസ നടപടികളും ആശ്രിതരുടെ സിവില്‍ ഐഡി സംയോജനവും ഇനി ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കാന്‍ സാധിക്കും.
കുവൈറ്റിലെ സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ ഗാര്‍ഹിക ഡ്രൈവര്‍മാരുടെ എന്‍ട്രി വിസ ഇനി സഹേല്‍ ആപ്പിലൂടെ നേരിട്ട് അപേക്ഷിക്കാനാകും.
ആഭ്യന്തര മന്ത്രാലയത്തിലെ ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗവും താമസകാര്യ വിഭാഗവും ചേര്‍ന്നാണ് ഈ സംവിധാനം ഒരുക്കിയത്. ഇതോടെ പൗരന്മാര്ക്ക് ഇനി മുതല്‍ വിസ നടപടികള്‍ക്കായി സിറ്റിസണ്‍ സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിക്കേണ്ടതില്ല. ഇതോടൊപ്പം, സഹേല്‍ ആപ്പ് വഴി ആശ്രിതരുടെ സിവില്‍ ഐഡി വിവരങ്ങള്‍ ലിങ്ക് ചെയ്യാനുള്ള പുതിയ സേവനം പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ആരംഭിച്ചു. ഇതിലൂടെ സ്പോണ്സര്ഷിപ്പിലുള്ള ഭാര്യ, മക്കള്‍ തുടങ്ങിയ ആശ്രിതരുടെ വിവരങ്ങള്‍ ഇനി സര്‍വീസ് സെന്ററുകളില്‍ പോകാതെ തന്നെ ഓണ്‍ലൈനായി ലിങ്ക് ചെയ്യാന്‍ കഴിയും. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍ നടപ്പാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Kuwait has added new services to the Sahel app, aiming to make government procedures faster and more efficient for citizens and residents through digital transformation.