വേനൽ കടുത്തു; കുവൈറ്റിൽ റെക്കോർഡ് നിലയിലേക്ക് ഉയർന്ന് വൈദ്യുതി ഉപയോ​ഗം

ഈ സാഹചര്യത്തില്‍ വൈദ്യുതി തടസം ഒഴിവാക്കാനായി വ്യവസായ മേഖലയില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കുവൈറ്റിൽ വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് നിലയിലേക്ക് ഉയരുന്നു. ഈ സാഹചര്യത്തില്‍ വൈദ്യുതി തടസം ഒഴിവാക്കാനായി വ്യവസായ മേഖലയില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ മാസം 15 മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. വേനല്‍ക്കാലത്തെ ഉയര്‍ന്ന വൈദ്യുതി ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് രാജ്യത്ത് വ്യവസായ സ്ഥാപനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഉച്ചയ്ക്ക് 11 മണി മുതല്‍ വൈകുന്നേരം 5 മണിവരെ ഫാക്ടറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഈ മാസം 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തീരുമാനം സെപ്റ്റംബര്‍ 15 വരെ ബാധകമായിരിക്കും. കടുത്ത ചൂടിനെ തുടര്‍ന്ന് എ.സിയുടെ ഉപയോഗം വര്‍ധിക്കുന്നതിനാല്‍ ദേശീയ വൈദ്യുതി ഗ്രിഡിന്മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുകയാണ് ലക്ഷ്യം. ഉച്ചസമയങ്ങളില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതിലൂടെ ഉണ്ടാകുന്ന ഉല്‍പ്പാദന നഷ്ടം പരിഹരിക്കാന്‍ രാത്രികാല ഷിഫ്റ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം, നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് വൈദ്യുതി തടസങ്ങള്‍ ഒഴിവാക്കുന്നതിനും വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിനുമായി വ്യവസായ മേഖലയുടെ പൂര്‍ണ്ണ സഹകരണം ആവശ്യമാണ് എന്ന് ജല, വൈദ്യുതി മന്ത്രാലയം അറിയിച്ചു.

Content Highlights: Amid soaring temperatures and intense summer conditions, Kuwait has witnessed a sharp rise in electricity consumption, reaching record levels due to increased demand for cooling and air conditioning.

To advertise here,contact us