പൊതുഗതാഗതം കൂടുതല്‍ സുഗമമാക്കുക ലക്ഷ്യം; റോഡ് പുനരുദ്ധാരണം വേ​ഗത്തിലാക്കാൻ കുവൈറ്റ്

റോഡുകളുടെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കാനും ഗതാഗതം കൂടുതല്‍ സുഗമമാക്കാനുമാണ് ഈ പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

കുവൈറ്റിലെ പൊതുഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നു. റോഡ് ശൃംഖല വികസിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പൊതുമരാമത്ത് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യ വ്യാപകമായി അറ്റകുറ്റപ്പണികള്‍ നടക്കുന്നത്.

റോഡുകളില്‍ പുതിയ ടാറുപാളികള്‍ വിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ പവിംഗ് ജോലികളും മറ്റ് അറ്റകുറ്റപണികളും വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഉന്നത ഗുണനിലവാരം ഉറപ്പാക്കണമെന്നും പൊതുമരാമത്ത് മന്ത്രി ഡോ. നൗറ മുഹമ്മദ് അല്‍ മഷാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. റോഡുകളുടെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കാനും ഗതാഗതം കൂടുതല്‍ സുഗമമാക്കാനുമാണ് ഈ പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

ജനങ്ങള്‍ക്ക് മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം റോഡുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, അറ്റകുറ്റപ്പണികള്‍ നടക്കുന്ന ചില മേഖലകളില്‍ ഭാഗികമായി ഗതാഗത തടസ്സം അനുഭവപ്പെട്ടേക്കാം. യാത്രക്കാര്‍ ഇത് ശ്രദ്ധിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സമാന്തര പാതകള്‍ ഉപയോഗിക്കണമെന്നും ഗതാഗത വിഭാഗം അറിയിച്ചു.

Content Highlights: Kuwait is fast-tracking road rehabilitation works to enhance public transport and reduce travel delays. The move aims to improve commuting efficiency and support better urban mobility across the country.

To advertise here,contact us