പ്രവാസികൾക്ക് ആശ്വാസം; ദമാം വിമാനത്താവളം വഴി സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസുകൾ പുനരാരംഭിക്കുന്നു

ഈ മാസം അഞ്ച് മുതല്‍ ഘട്ടം ഘട്ടമായി സര്‍വീസ് ആരംഭിക്കുമെന്ന് കുവൈറ്റ് എയര്‍വെയ്‌സ് വ്യക്തമാക്കി.

കുവൈറ്റ് എയര്‍വേയ്‌സ് സൗദി അറേബ്യയിലെ ദമാം വിമാനത്താവളം വഴി ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കുള്ള സര്‍വീസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം അഞ്ച് മുതല്‍ ഘട്ടം ഘട്ടമായി സര്‍വീസ് ആരംഭിക്കുമെന്ന് കുവൈറ്റ് എയര്‍വെയ്‌സ് വ്യക്തമാക്കി.

പശ്ചിമേഷന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ച ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് കുവൈറ്റ് എയര്‍വേയ്‌സ്. കൊച്ചി, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നീ ലക്ഷ്യ സ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകളാണ് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി ദമ്മാം വിമാനത്താവളം വഴിയാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഈ മാസം അഞ്ചിന് അഹമ്മദാബാദിലേക്കുള്ള സര്‍വീസിന് തുടക്കം കുറിക്കും. ആഴ്ചയില്‍ ഒരു ദിവസമായിരിക്കും സര്‍വീസ് ഉണ്ടാവുക. ഏപ്രില്‍ ഏപ്രില്‍ ആറ് മുതലാണ് കൊച്ചിയിലേക്കുള്ള സര്‍വീസ് തുടങ്ങുക. തിങ്കള്‍, ബുധന്‍ ദിവസങ്ങളിള്‍ രണ്ട് സര്‍വീസുകളാകും ഉണ്ടാവുക. ഡല്‍ഹിയിലേക്ക് ഏപ്രില്‍ ഏഴ് മുതല്‍ ചൊവ്വാഴ്ചകളിലും മുംബൈയിലേക്ക് ഏപ്രില്‍ 10 മുതല്‍ വെള്ളിയാഴ്ചകളിലുമാണ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

നിലവിലെ പ്രത്യേക സാഹചര്യത്തില്‍ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചും മികച്ച യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമാണ് ദമാമിനെ ഒരു പ്രധാന ഹബ്ബാക്കി മാറ്റി സര്‍വീസുകള്‍ വിപുലീകരിക്കുന്നതെന്ന് എയര്‍ലൈന്‍ അറിയിച്ചു. ലണ്ടന്‍, കെയ്‌റോ, ഇസ്താംബുള്‍, ലാഹോര്‍, അമാന്‍ തുടങ്ങി വിവിധ വിദേശ രാജ്യങ്ങളിലേക്ക് നിലവില്‍ ദമാം വഴി സര്‍വീസുകള്‍ ലഭ്യമാണ്. നിലവിലെ സാഹചര്യത്തില്‍ വിമാനങ്ങളുടെ സമയങ്ങളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്നും ഔദ്യേഗിക വെബ്‌സൈറ്റ് പരിശോധിച്ച് യാത്രാ സമയം ഉറപ്പാക്കണമെന്നും കുവൈറ്റ് എയര്‍വെയ്‌സ് യാത്രാക്കാരോട് അഭ്യര്‍ത്ഥിച്ചു.

Content Highlights: Kuwait Airways resumes flights to Indian cities including Kochi, Mumbai, and Delhi via Dammam from April 5, following regional tensions.

To advertise here,contact us