കുവൈറ്റില്‍ ഉത്പ്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്ത നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ കേസ് എടുത്തു. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിലവിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ മുതലെടുത്ത് കുവൈറ്റിലെ ചില വ്യാപാര സ്ഥാപനങ്ങള്‍ കൃത്രിമ വിലക്കറ്റം സൃഷ്ടിക്കുന്നതായുളള പരാതി വിവിധ മേഖലകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുന്നത്. ജഹ്റ ഗവര്‍ണറേറ്റിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ മന്ത്രാലയത്തിലെ ഇന്സ്പെക്ഷന് ടീം നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നിയമ ലംഘനം നടത്തിയ 24 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് എടുത്തതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
ഉത്പ്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുകയും ഉപഭോക്തൃ നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതിന്റെ പേരിലാണ് നടപടി. ഇത്തരം സ്ഥാപനങ്ങള്‍ വിവവിര പട്ടികയും പ്രദര്‍ശിപ്പിച്ചിരുന്നില്ല. ചിലര്‍ ഗുണനിലവാരമില്ലാത്ത ഉത്പ്പന്നങ്ങള്‍ വിറ്റതായും പരിശോധനയില്‍ കണ്ടെത്തി. നിരവധി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരാനാണ് തീരുമാനം. ഇലക്ടോണിക് മാര്‍ഗങ്ങളിലൂടെയും മന്ത്രാലയം വില നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി. വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോടും ആവശ്യപ്പെട്ടു. ഹോട്ട്ലൈന്‍ നമ്പര്‍ വഴിയോ ഔദ്യോഗിക ആപ്പ് വഴിയോ പരാതികള്‍ കൈമാറാനാകും. റമദാന് കാലത്ത് വിപണിയില്‍ അവശ്യ സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.
Content Highlights: Kuwait has warned commercial establishments not to charge excessive prices for products, announcing strict action against violators. The move is aimed at safeguarding consumer rights and ensuring fair pricing in the market, with authorities expected to intensify inspections and monitoring.