പശ്ചിമേഷ്യൻ സാഹചര്യം; അമിത വില ഈടാക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി കുവൈറ്റ്

വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു

സംഘര്‍ഷ സാഹചര്യങ്ങള്‍ മുതലെടുത്ത് സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി കുവൈറ്റ് ഭരണകൂടം. വാണിജ്യ-വ്യവസായ മന്ത്രാലയം നടത്തിയ മിന്നല്‍ പരിശോധനയില്‍ 51 സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

കുവൈറ്റിലെ ചില വ്യാപാര സ്ഥാപനങ്ങള്‍ക്ക് സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായുളള പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാണിജ്യ-വ്യവസായ മന്ത്രാലയം മിന്നല്‍ പരിശോധനയും നടത്തുന്നുണ്ട്. ഉത്പ്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കിയ 51 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. മിക്ക സ്ഥാപനങ്ങളും വില വിവരപട്ടികയും പ്രദര്‍ശിപ്പിച്ചിരുന്നില്ല. അഹമ്മദി, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റുകളലായിരുന്നു എമര്‍ജന്‍സി ഇന്‍സ്‌പെക്ഷന്‍ ടീമിന്റെ പരിശോധന.

അമിതവിലക്ക് പുറമെ വ്യാജ പ്രൊമോഷണല്‍ ഓഫറുകള്‍ നല്‍കല്‍, ഉപഭോക്താക്കള്‍ക്ക് ഇന്‍വോയ്‌സ് നല്‍കാതിരിക്കല്‍, സാധനങ്ങളുടെ ഉത്ഭവ രാജ്യം വ്യക്തമാക്കാതിരിക്കല്‍ തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ, ലൈസന്‍സില്‍ അനുവദിച്ചിട്ടുള്ള നിബന്ധനകള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

വരും ദിവസങ്ങളിലും വിപണിയില്‍ ശക്തമായ പരിശോധന തുടരാനാണ് തീരുമാനം. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും നിയമ ലംഘകര്‍ക്കെതിരം ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിപണിയില്‍ കൃത്രിമമായ വിലക്കയറ്റം തടയുന്നതിനും മന്ത്രാലയം പ്രതിഞ്ജാബദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Kuwait strengthens action against traders charging excessive prices amid the current situation in West Asia, warning of strict penalties for violations.

To advertise here,contact us