മകളെ കാണാൻ കുവൈറ്റിലെത്തിയ മലയാളി മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാതെ കുടുംബം

നിലവിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടിരിക്കുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ് കുടുംബാംഗങ്ങൾ

സന്ദർശക വിസയിൽ മകളെ സന്ദർശിക്കാനെത്തിയ മലയാളി കുവൈറ്റിൽ വെച്ച് അന്തരിച്ചു. കൊല്ലം സ്വദേശിയായ അലിഖാൻ (73) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് രണ്ട് ദിവസം മുൻപായിരുന്നു അന്ത്യം.

മകളുടെ കൂടെ സമയം ചെലവഴിക്കാനായി കുവൈറ്റിലെത്തിയ അദ്ദേഹത്തിന്റെ വേർപാട് കുടുംബത്തിന് വലിയ ആഘാതമായിരിക്കുകയാണ്. നിലവിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടിരിക്കുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ് കുടുംബാംഗങ്ങൾ. വ്യോമപാതകൾ പുനസ്ഥാപിച്ചാൽ മാത്രമെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ വ്യക്തത ലഭിക്കൂ.

അന്തരിച്ച അലിഖാന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായിരുന്നു. എന്നാൽ, കുവൈറ്റിലെ നിലവിലെ അസാധാരണ സാഹചര്യം മൂലം വിമാന സർവീസുകൾ മുടങ്ങിയതിനാൽ മൃതദേഹം ഇപ്പോൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കുടുംബസുഹൃത്തായ അയ്യൂബും സാമൂഹിക പ്രവർത്തകൻ സലിം കുമ്മേരിയും ചേർന്നാണ് എംബസിയിലെയും ആശുപത്രിയിലെയും ആവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്. പിതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി നാട്ടിലെ കുടുംബം കാത്തിരിക്കുകയാണ്. വ്യോമപാതകൾ തുറക്കുന്നതോടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.

Content Highlights: A Malayali man visiting Kuwait to see his daughter passed away, and his family is unable to repatriate his body to Kerala due to procedural and logistical challenges.

To advertise here,contact us