കുവൈത്തില്‍ ഫുട്പാത്തുകളിലൂടെ ബൈക്കോടിക്കുന്നവര്ക്കെതിരായ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. പ്രധാനമായും ഡെലിവറി ബൈക്ക് ഡ്രൈവര്‍മാരെ ലക്ഷ്യമിട്ടാണ് നടപടി. കുവൈത്തിലെ തിരക്കേറിയ സ്ഥലങ്ങളിലെ ഫുട്പാത്തുകളിലൂടെ ബൈക്ക് ഓടിക്കുന്ന പ്രവര്‍ണ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയമ ലംഘകര്‍ക്ക് എതിരായ നടപടി ആഭ്യന്തര മന്ത്രാലയം ശക്തമാക്കുന്നത്.
പ്രധാനമായും ഡെലിവറി ബൈക്ക് റൈഡര്‍മാരുടെ ഭാഗത്ത് നിന്നാണ് ഇത്തരത്തിലുളള നിയമ ലംഘനങ്ങള്‍ കൂടുതലായി ഉണ്ടാകുന്നത്. പലപ്പോഴും ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഡെലിവറി ബൈക്കുകള്‍ ഫുട്പാത്തുകളെ ആശ്രയിക്കുന്നത്. എന്നാല്‍ ഇത്തരം നടപടികള്‍ കാല്‍നടയാത്രക്കാര്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതായാണ് അഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഗതാഗത നിയമങ്ങള്‍ ലംഘിച്ച് നടപ്പാതകളിലൂടെ സഞ്ചരിക്കുന്ന ബൈക്ക് യാത്രക്കാര്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി.
നിയമ ലംഘകര്‍ക്ക് കനത്ത പിഴ ചുമത്തുന്നതിന് പുറമെ വാഹനവും പിടിച്ചെടുക്കും. ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ഇത് സംബന്ധിച്ച നിര്‍ദേശം ട്രാഫിക് വിഭാഗത്തിന് നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി. ഡെലിവറി കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
കാല്‍നടയാത്രക്കാര്‍ക്കായി നീക്കിവെച്ചിട്ടുള്ള സ്ഥലങ്ങള്‍ ബൈക്ക് യാത്രക്കായി ഉപയോഗിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും അധികൃതര്‍ പറഞ്ഞു. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളില്‍ പരിശോധന ശക്കതമാക്കാനാണ് തീരുമാനം. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അല്ലാത്ത പക്ഷം കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമം ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്കും പരാതി നല്‍കാനാകും.
Content Highlights: Kuwait enforces strict law banning bike riding on footpaths to protect pedestrians, with fines and penalties for traffic violations