റമദാൻ മാസത്തിൽ ബാങ്ക് പ്രവർത്തി സമയത്തിൽ മാറ്റം; പുതുക്കിയ ക്രമം പ്രഖ്യാപിച്ച് കുവൈത്ത്

റമദാന്‍ മാസത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പ്രവര്‍ത്തന സമയം ചുരുക്കിയതെന്നും അധികൃതര്‍ അറിയിച്ചു

റമദാന്‍ മാസത്തോടനുബന്ധിച്ച് കുവൈത്തിലെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം പുതുക്കി നിശ്ചയിച്ചു. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരം കുവൈത്ത് ബാങ്കേഴ്‌സ് അസോസിയേഷന്‍ ആണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്. റമദാന്‍ കാലയളവില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കണമെന്ന് ഉപഭോക്താക്കളോട് ബാങ്കുകള്‍ അഭ്യര്‍ത്ഥിച്ചു.

റമദാന്‍ മാസത്തില്‍ കുവൈത്തിലെ പ്രാദേശിക ബാങ്കുകളുടെ ഹെഡ് ഓഫിസുകളിലും വിവിധ താമസ, വ്യാപാര മേഖലകളിലുള്ള ശാഖകളിലും ഉപഭോക്തൃ സേവനം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് സമയക്രമത്തിലെ മാറ്റമെന്ന് ബാങ്കേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. റമദാന്‍ മാസത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പ്രവര്‍ത്തന സമയം ചുരുക്കിയതെന്നും അധികൃതര്‍ അറിയിച്ചു. റമദാന്‍ കാലയളവില്‍ ബാങ്ക് സേവനങ്ങള്‍ക്കായി നിശ്ചിത മയപരിധിക്കുള്ളില്‍ തന്നെ ശാഖകള്‍ സന്ദര്‍ശിക്കണമെന്ന് ബാങ്കുകള്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.

റമദാനോടനുബന്ധിച്ച് സ്‌കൂള്‍ പ്രവര്‍ത്തി സമയത്തിലും കഴിഞ്ഞ ദിവസം മാറ്റം വരുത്തിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം കിന്റര്‍ഗാര്‍ട്ടന്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് രാവിലെ 9:40-ന് ക്ലാസുകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 12:55 മുതല്‍ 1:10 വരെയുള്ള സമയത്തിനുള്ളില്‍ ക്ലാസുകള്‍ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം.

പ്രൈമറി സ്‌കൂളുകളില്‍ രാവിലെ 9:25 മുതല്‍ ഉച്ചയ്ക്ക് 1:45 വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഏഴ് പിരീഡുകളും 15 മിനിറ്റ് വീതമുള്ള രണ്ട് ഇടവേളകളും പ്രൈമറി വിഭാഗത്തിന് ഉണ്ടാകും. മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 9:20 മുതല്‍ ഉച്ചയ്ക്ക് 2:00 വരെയും സെക്കന്‍ഡറി വിഭാഗത്തിന് രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 2:10 വരെയുമാണ് ക്ലാസുകള്‍ നടക്കുക. സ്‌കൂളിലെ അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഫ്ലെക്സിബിള്‍ വര്‍ക്കിംഗ് അവേഴ്സ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: Kuwait has announced changes to bank working hours during Ramadan 2026. Here are the details

To advertise here,contact us