നഴ്സറി കെട്ടിടങ്ങളുടെ നിര്‍മാണവും പ്രവര്‍ത്തനവും; നിയമങ്ങളിൽ മാറ്റവുമായി കുവൈത്ത്

പുതിയ നിയമപ്രകാരം ഓരോ നഴ്സറിയിലും ഭരണപരമായ ആവശ്യങ്ങള്‍ക്കായി ഒരു ഓഫീസ് മാത്രമേ അനുവദിക്കൂ

കുവൈത്തിലെ നഴ്സറി കെട്ടിടങ്ങളുടെ നിര്‍മാണവും പ്രവര്‍ത്തനവും സംബന്ധിച്ച നിയമങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ക്ക് കുവൈത്ത് മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. നഴ്സറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളുടെ കാര്‍ഷിക സ്വഭാവം നിലനിര്‍ത്തുന്നതിനും അനധികൃത വാണിജ്യ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമാണ് പുതിയ പരിഷ്‌കാരങ്ങളെന്ന് ടെക്‌നിക്കല്‍ കമ്മിറ്റി വ്യക്താക്കി.

പുതിയ നിയമപ്രകാരം ഓരോ നഴ്സറിയിലും ഭരണപരമായ ആവശ്യങ്ങള്‍ക്കായി ഒരു ഓഫീസ് മാത്രമേ അനുവദിക്കൂ. നഴ്സറികള്‍ക്കായി അനുവദിച്ചിട്ടുള്ള പ്ലോട്ടുകള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് കര്‍ശനമായി തടയും. കെട്ടിട നിര്‍മാണത്തിന്റെ കാര്യത്തിലും കൃത്യമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബേസ്മെന്റ് പ്ലോട്ട് ഏരിയയുടെ 100 ശതമാനം വരെ നിർമിക്കാമെങ്കിലും ഗ്രൗണ്ട് ഫ്‌ലോറിലെ നിര്‍മാണം പ്ലോട്ട് ഏരിയയുടെ പകുതിയില്‍ കൂടാന്‍ പാടില്ല. ബാക്കിയുള്ള പകുതി ഭാഗം കൃഷിക്കായോ കുട്ടികള്‍ക്ക് കളിക്കാനോ ഉള്ള തുറസ്സായ സ്ഥലമായി നിലനിര്‍ത്തണം.

കെട്ടിടത്തിന്റെ ഫ്‌ലോര്‍ പ്ലോട്ട് ഏരിയയുടെ 30 ശതമാനത്തില്‍ കൂടരുതെന്നും ഇതിന്റെ ഒരു ഭാഗം ഓഫീസായി ഉപയോഗിക്കാമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. നഴ്സറികളുടെ സാമ്പത്തിക ഭദ്രത കണക്കിലെടുത്ത് പ്ലോട്ട് ഏരിയയുടെ അഞ്ച് ശതമാനം വരെ കഫേകളോ റെസ്റ്റോറന്റുകളോ പോലുള്ള അനുബന്ധ സൗകര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുമതിയുണ്ട്. എങ്കിലും നഴ്സറിയുടെ സുരക്ഷയും കുട്ടികളുടെ സ്വകാര്യതയും ഉറപ്പാക്കുന്നതിനായി അധികമായി യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നഴ്സറികളെയും 2000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള സ്വകാര്യ നഴ്സറികളെയും വേര്‍തിരിച്ചാണ് നിയമങ്ങള്‍ നടപ്പിലാക്കുന്നത്. നഴ്സറികള്‍ കേവലം വാണിജ്യ സ്ഥാപനങ്ങളായി മാറുന്നത് തടയാനും കുട്ടികള്‍ക്ക് പ്രകൃതിയോട് ഇണങ്ങിയ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനും ഈ ഭേദഗതികള്‍ സഹായകരമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlights: Kuwait has introduced new laws and regulations regarding the construction and operation of nursery buildings. According to Law No. 22 of 2014, private nurseries can operate in private, investment, and commercial areas, subject to certain conditions

To advertise here,contact us