കുവൈത്തില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി ആഭ്യന്തര മന്ത്രാലയം. വിവിധ രാജ്യക്കാരായ 16 പ്രതികളും അറസ്റ്റിലായി. ഷാബു, ഹാഷിഷ്, ക്യാപ്റ്റഗണ്‍ ഗുളികകള്‍ എന്നിവയുള്‍പ്പെടെയുള്ള ലഹരി വസ്തുക്കളാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്. ലഹരി വസ്തുക്കള്‍ തയ്യാറാക്കാനും വിതരണം ചെയ്യാനും ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി.
അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു. കുവൈത്തിൽ പുതിയ മയക്കുമരുന്ന് നിയമം നിലവില്‍ വന്ന ശേഷം രാജ്യവ്യാപകമായി ശക്തമായ പരിശോധനയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്.
പുതിയ നിയമം പ്രകാരം രാജ്യത്തേക്ക് മയക്കുമരുന്ന കടത്തുന്നതും വില്‍പ്പന നടത്തുന്നതും ഗുരുതരമായ കുറ്റമാണ്. ഇത്തരക്കാര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുളള വകുപ്പുകളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംശയാസ്പദമായ വിവരങ്ങള്‍ ലഭിച്ചാല്‍ അക്കാര്യം അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Content Highlights: Kuwait authorities have seized a large drug stash and arrested 16 suspects from different nationalities in a major anti-narcotics operation. The drugs were discovered during a special security inspection, and officials said the investigation is ongoing to uncover further details of the network.