കുവൈത്തില് കസ്റ്റംസിന്റെ പേരില് സൈബര് തട്ടിപ്പ് വ്യാപകമാകുന്നതായി കണ്ടെത്തല്. സമൂഹമാധ്യമങ്ങളിള് ഉള്പ്പെടെ പ്രത്യക്ഷപ്പെടുന്ന അഞ്ജാത ലിങ്കുകളോട് പ്രതികരിക്കരുതെന്ന് അധികൃതര് പൊതുജനങ്ങള്ക്ക് മുന്നറിയിപ്പ് നല്കി. സൈബര് തട്ടിപ്പുകള്ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര് വ്യക്തമാക്കി.
കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പു സംഘം ജനങ്ങളെ സമീപിക്കുന്നത്. ഔദ്യോഗിക ഇമെയിലുകള്ക്ക് സമാനമായ സന്ദേശങ്ങള് അയച്ചും വ്യാജ വെബ്സൈറ്റുകള് നിര്മിച്ചുമാണ് ഇരകളെ കെണിയില് വീഴ്ത്തുന്നത്. രേഖകള് ഇല്ലാത്തതിനാല് നിങ്ങളുടെ പാര്സലുകള് കസ്റ്റംസ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവ കണ്ടുകെട്ടാതിരിക്കാന് ആവശ്യപ്പെടുന്ന വിവരങ്ങള് നല്കണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പുകാര് ജനങ്ങളുമായി ബന്ധപ്പെടുന്നത്. ഇതിനോടൊപ്പം സ്വകാര്യ വിവരങ്ങള് ഉള്പ്പെടെ കൈമാറുന്നതിനായി പ്രത്യേക ലിങ്കും നല്കും. ഈ ലിങ്കുകളില് ക്ലിക്ക് ചെയ്യുന്നതോടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ട്ടിപ്പുകാരുടെ കൈകളിലെത്തും. ഇത്തരം തട്ടിപ്പുകളില് വിശ്വസിച്ച് ബാങ്ക് വിശദാംശങ്ങള് ഉള്പ്പെടെ പങ്കുവച്ച നിരവധിയാളുകള്ക്ക് പണം നഷ്ടമായതായി അന്വേഷണത്തില് കണ്ടെത്തി.
പിഴ അടക്കുന്നതിനായി തട്ടിപ്പ് സംഘം നല്കുന്ന ലിങ്കില് ക്ലിക്ക് ചെയ്യുന്നതോടെ അക്കൗണ്ടില് നിന്ന് പണം നഷ്ടമാകുന്നതാണ് രീതി. സൈബര് തട്ടിപ്പുകള്ക്കെതിരെ പൊതുജനങ്ങള് അതീവ ജാഗ്രത പാലിക്കണമെന്ന് കസ്റ്റംസ് ഡിപ്പാര്ട്ട്മെന്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അഞ്ജാത സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കരുതെന്നും നിര്ദ്ദേശത്തില് പറയുന്നു.
കസ്റ്റംസ് സംബന്ധമായ എല്ലാ ഔദ്യോഗിക ഇടപാടുകള്ക്കും 'സഹല്' ആപ്പോ ജനറല് അഡ്മിനിസ്ട്രേഷന് ഓഫ് കസ്റ്റംസിന്റെ ഔദ്യോഗിക വെബ്സൈറ്റോ മാത്രം ഉപയോഗിക്കണമെന്ന് ധികൃതര് വ്യക്തമാക്കി. ഇടപാടുകള് നടത്തുന്നതിന് മുമ്പ് വെബ്സൈറ്റിന്റെ ആധികാരികത പരിശോധിക്കണം. സംശയാസ്പദമായ സന്ദേശങ്ങള് ലഭിച്ചാല് അക്കാര്യം മന്ത്രാലയത്തെ അറിയിക്കണമെന്നും അധികൃതര് നിര്ദ്ദേശിച്ചു. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും ടോള് ഫ്രീ നമ്പര് വഴിയും ഇത്തരം വിവരങ്ങള് കൈമാറാനാകും.
Content Highlights: Kuwait authorities have issued an alert about the rising prevalence of customs-related scams, urging the public not to respond to suspicious links. These fraudulent links often trick people into sharing personal or financial information. The authorities have emphasized the importance of being cautious and avoiding interactions with unknown sources to prevent falling victim to these widespread scams.