സ്കൂൾ മാറുന്നതിന് ഇനി ഓഫീസുകൾ കയറി ഇറങ്ങേണ്ട; നടപടിക്രമങ്ങൾ എളുപ്പമാക്കി കുവൈത്ത്

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

കുവൈത്തില്‍ സ്‌കൂള്‍ മാറുന്നതിന് ഇനി ഓഫീസുകള്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല. സ്‌കൂള്‍ മാറ്റ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനായി പുതിയ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനത്തിന് വിദ്യാഭ്യാസം മന്ത്രാലയം തുടക്കംകുറിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കുവൈത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റല്‍വത്ക്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഒരു സ്‌കൂളില്‍ നിന്ന് മറ്റൊരു വിദ്യാലയത്തിലേക്ക് കുട്ടികളെ മാറ്റാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇനി നടപടികള്‍ ഓണ്‍ലൈനായി പൂര്‍ത്തിയാക്കാനാകും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഓരോ സ്‌കൂളിലെയും ലഭ്യമായ ഒഴിവുകളും നിശ്ചിത മാനദണ്ഡങ്ങളും സിസ്റ്റം തന്നെ പരിശോധിച്ച ശേഷമായിരിക്കും ട്രാന്‍സ്ഫര്‍ അനുവദിക്കുക. അപേക്ഷകളുടെ സ്റ്റാറ്റസും വെബ്‌സൈറ്റിലൂടെ തത്സമയം മനസിലാക്കാനാകും. അപേക്ഷാ നടപടികള്‍ പൂര്‍ത്തിയായാല്‍ അത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അപേക്ഷകരുടെ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടുകള്‍ വഴി ലഭ്യമാകും. മുന്‍പ് സ്‌കൂളുകള്‍ മാറുന്നതിനായി രക്ഷിതാക്കള്‍ക്ക് വിവിധ വിദ്യാഭ്യാസ ഓഫിസുകള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടി വന്നിരുന്ന അവസ്ഥക്കാണ് പുതിയ സംവിധാനത്തിലൂടെ മാറ്റം വന്നിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി ജലാല്‍ അല്‍ തബ്തബെയുടെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ സംവിധാനം ആവിഷ്‌ക്കരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭരണപരമായ കാര്യങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനും മനുഷിക ഇടപെടലുകള്‍ കുറച്ച് നടപടികള്‍ വേഗത്തിലാക്കുന്നതിനുമാണ്ഇതിലൂടെ ലക്ഷ്യമിടുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രാന്‍സ്ഫര്‍ സംവിധാനം നടപ്പിലാക്കിയതിന് പിന്നാലെ, അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വേണ്ടിയുള്ള ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സിസ്റ്റവും ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇതിനകം തുടക്കം കുറിച്ചുകഴിഞ്ഞു. കുവൈത്തിലെ ഡിജിറ്റല്‍ ഗവണ്‍മെന്റ് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ എല്ലാ സേവനങ്ങളും ഘട്ടം ഘട്ടമായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlights: Kuwait has made significant improvements to the school transfer process by removing the requirement for parents to visit offices. The new system aims to make the transfer process smoother and more convenient, saving time and reducing the bureaucratic burden. This change is expected to benefit both students and parents, making school transfers quicker and more accessible.

To advertise here,contact us