കുവൈത്തില് വ്യവസായ മേഖലകളില് പരിശോധന ശക്തമാക്കി മാന്പവര് അതോറിറ്റി. നിയമലംഘകര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര് മുന്നറിയിപ്പ് നല്കി. വരും ദിവസങ്ങളില് കൂടുതല് മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. കുവൈത്തില് വ്യവസായ മേഖലകളില് നിയമ ലംഘനങ്ങള് വര്ദ്ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന കൂടുതല് ശക്തമാക്കുന്നത്.
വ്യവസായ ശാലകള്, വര്ക്ക്ഷോപ്പുകള്, നിര്മാണ യൂണിറ്റുകള് എന്നിവിടങ്ങളില് മാന്പവര് അതോറിറ്റി ഉദ്യോഗസ്ഥര് മിന്നല് പരിശോധന നടത്തുന്നുണ്ട്. നിശ്ചിത തൊഴിലിടങ്ങളില് അല്ലാതെ ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള് ലംഘിച്ചു രാജ്യത്ത് കഴിയുന്നവരെയും കണ്ടെത്തുകയാണ് ലക്ഷ്യം. നിരവധി നിയമ ലംഘനങ്ങള് പരിശോധനയില് കണ്ടെത്തിയതായി അതോറിറ്റി അറിയിച്ചു. മതിയായ ലൈസന്സ് ഇല്ലാതെ പ്രവര്ത്തിച്ചുവന്ന സ്ഥാപനങ്ങളും ഇതില് ഉള്പ്പെടുന്നു.
നിയമ ലംഘകരായ സ്ഥാപന ഉടമകള്ക്കെതിരായ നിയമ നടപടിയും തുടരുകയാണ്. നിരവധി സ്ഥാപനങ്ങള്ക്ക് മുന്നറിയിപ്പ് നോട്ടീസും നല്കിയിട്ടുണ്ട്. രാജ്യത്തെ നിയമങ്ങള് പാലിക്കാന് എല്ലാവരും ബാധ്യസ്ഥാരാണെന്നും നിയമ ലംഘകര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മാന്പവര് അതോറിറ്റി മുന്നറിയിപ്പ് നല്കി.
നിയമ ലംഘകര് കനത്ത പിഴക്ക് പുറമെ നാടുകടത്തല് ഉള്പ്പെടെയുള്ള നടപടിയും നേരിടേണ്ടി വരുമെന്നും അധികൃതര് വ്യക്തമാക്കി. വരും ദിവസങ്ങളില് പരിശോധന കൂടുതല് ശക്തമാക്കാനാണ് തീരുമാനം. നിയമ ലംഘനങ്ങള് ശ്രദ്ധയില്പെട്ടാല് അക്കാര്യം അറിയിക്കണമെന്ന് പൊതുജനങ്ങളോടും മാന്പവര് അതോറിറ്റി ആവശ്യപ്പെട്ടു. അതോറിറ്റിയുടെ മൊബൈല് ആപ്ലിക്കേഷനിലും വെബ്സൈറ്റിലും ഇതിനുള്ള സൗകര്യം ഏര്പ്പെടുത്തിയിട്ടുണ്ട്. ടോള് ഫ്രീ നമ്പറിലൂടെയും പരാതികള് അറിയിക്കാനാകും.
Content Highlights: Kuwait has stepped up inspection activities in industrial areas to detect and prevent law violations. Authorities said the intensified checks are aimed at ensuring compliance with regulations and maintaining safety standards. Officials added that action will be taken against violators as part of ongoing enforcement measures across the industrial sector.