വ്യവസായ മേഖലയിലെ നിയമ ലംഘനങ്ങള്‍; നടപടി ശക്തമാക്കി കുവൈത്ത്

10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നടപടിയാണ് കഴിഞ്ഞ വര്‍ഷം കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചത്

കുവൈത്തില്‍ വ്യവസായ മേഖലയിലെ നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയായി ഈ വര്‍ഷവും പരിശോധന ശക്തമാക്കാനാണ് തീരുമാനം. ഗുരുതരമായ നിയമ ലംഘനം നടത്തിയ നിരവധി സ്ഥാപനങ്ങളാണ് പോയവര്‍ഷം അടച്ചുപൂട്ടിയത്.

10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നടപടിയാണ് കഴിഞ്ഞ വര്‍ഷം കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചത്. 2025-ല്‍ മാത്രം 557 നിര്‍ണായകമായ തീരുമാനങ്ങള്‍ നിയമലംഘകര്‍ക്കെതിരെ അധികൃതകര്‍ കൊക്കൊണ്ടു. സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കല്‍, താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കല്‍, ശക്തമായ താക്കീതുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

വ്യവസായ നിയമങ്ങള്‍ ലംഘിക്കുക, അനുവദിക്കപ്പെട്ട പരിധിക്ക് പുറത്ത് ഭൂമി കൈയ്യേറുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. പബ്ലിക് അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയുടെ സ്ഥിരം കമ്മിറ്റി നടത്തിയ പരിശോധനയില്‍ 51-ലധികം നിയമ ലംഘന റിപ്പോര്‍ട്ടുകളാണ് അവസാന ആഴ്ചകളില്‍ മാത്രം സമര്‍പ്പിക്കപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി സ്ഥാപനങ്ങളുടെ ഇടപാടുകള്‍ മരവിപ്പിക്കുകയും ചിലത് പൂര്‍ണമായി അടച്ചുപൂട്ടുകയും ചെയ്തു.

ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങളെ തുടര്‍ നിയമ നടപടിക്കായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സിനും പബ്ലിക് പ്രോസിക്യൂഷനും കൈമാറിയതായും അധികൃതര്‍ വ്യക്തമാക്കി. വാണിജ്യ വ്യവസായ മന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു രാജ്യവ്യാപക പരിശോധന. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും നിയമ ലംഘകര്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രി മുന്നറിയിപ്പ് നല്‍കി.

Content Highlights: Kuwait has strengthened enforcement against legal violations in the industrial sector by intensifying inspections and taking strict action against offenders. Authorities said the move aims to ensure compliance with regulations, improve safety standards, and maintain order across industrial establishments in the country.

To advertise here,contact us