കുവൈത്തിൽ ജനുവരി 19ന് സുരക്ഷാ സൈറൺ മുഴങ്ങും; അടിയന്തര സംവിധാനങ്ങളുടെ പരിശോധനയെന്ന് അധികൃതർ

ആദ്യമായാണ് ഇത്തരമൊരു പരിശോധന നടത്തുവാൻ അധികൃതർ ഒരുങ്ങുന്നത്.

കുവൈത്തിൽ ഈ മാസം 19ന് സുരക്ഷാപരിശോധനകളുടെ ഭാ​ഗമായി രാജ്യവ്യാപകമായി സൈറൺ മുഴങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം. ഇതിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയും സിവിൽ ഡിഫൻസിന്റെ സജ്ജീകരണങ്ങളും വിലയിരുത്തുന്നതിനായി നടത്തുന്ന പതിവ് പരിശോധനയാണിത്. ആദ്യമായാണ് ഇത്തരമൊരു പരിശോധന നടത്തുവാൻ അധികൃതർ ഒരുങ്ങുന്നത്.

ജനുവരി 19ന് രാവിലെ 10 മണിക്കാണ് സൈറൺ മുഴങ്ങുക. പരീക്ഷണത്തിനിടെ മൂന്ന് വ്യത്യസ്ത തരത്തിലുള്ള സൈറൺ ശബ്ദങ്ങൾ മുഴങ്ങും. അപകടം ഉണ്ടായതായി അറിയിക്കുന്നതാണ് ആദ്യ ശബ്ദം. അപകടാവസ്ഥ തുടരുന്നതിനെ സൂചിപ്പിക്കുന്നതാണ് രണ്ടാമത് മുഴങ്ങുന്ന ശബ്ദം. അപകടം അവസാനിച്ചതായി അറിയിക്കുന്ന മൂന്നാം സൈറണും പരീക്ഷണത്തിന്റെ ഭാഗമായി പ്രവർത്തിപ്പിക്കും.

രാജ്യത്തെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളുടെ പരിശോധനയ്ക്കൊപ്പം ഇവയെപ്പറ്റി ജനങ്ങളിൽ അവബോധമുണ്ടാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlights: Kuwait has announced that security sirens will be activated on January 19 as part of a routine test of emergency response systems. Authorities clarified that the move is only to assess preparedness and functionality of alert mechanisms, and there is no cause for public concern during the scheduled exercise.

To advertise here,contact us