കുവൈത്തില് നിയമലംഘകര്ക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. അനധികൃതമായി രാജ്യത്ത് തുടരുന്ന പ്രവാസികള് നാടുകടത്തല് ഉള്പ്പെടെയുള്ള നടപടി നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഗതാഗത നിയമ ലംഘങ്ങള് കണ്ടെത്തുന്നതിനായുള്ള പരിശോധനയും കൂടുതല് ശക്തമാക്കിയിട്ടുണ്ട്.
കുവൈത്തില് നിയമ ലംഘനങ്ങള് വര്ധിക്കുന്ന സാഹച്യത്തിലാണ് ആഭ്യന്തര മന്ത്രാലയം നടപടികള് കടുപ്പിക്കുന്നത്. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി രാജ്യ വ്യാപകമായി പരിശോധന ശക്തമാണ്. ഈ മാസം നാല് മുതല് 10 വരെയുള്ള ദിവസങ്ങളില് വിവിധ മേഖലകളില് നടത്തിയ പരിശോധനയില് പിടികിട്ടാ പുള്ളികള് ഉള്പ്പെടെ 37 പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. മതിയായ താമസരേഖയില്ലാതെ രാജ്യത്ത് തുടര്ന്നുവന്നവര്, കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച പ്രതികള്, തൊഴിലുടമകളില് നിന്ന് ഒളിച്ചോടിയവര് എന്നിവരാണ് പിടിയിലായവരില് ഏറെയും.
ഗതാഗത നിയമങ്ങള് ലംഘിക്കുന്നവര്ക്കെതിരായ നടപടിയും കൂടുതല് ശക്തമാക്കി. ഒരാഴ്ചയ്ക്കിടെ 2,415 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 14 വാഹനങ്ങള് പിടിച്ചെടുക്കുകയും ചെയ്തു. തിരിച്ചറിയല് രേഖകളില്ലാത്ത പൊതുസ്ഥലങ്ങളിലൂടെ സഞ്ചിരിച്ച നിരവധി പ്രവാസികളെയും പിടികൂടി. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 12 പേരെ തുടര് നടപടികള്ക്കായി ആന്റി-നാര്ക്കോട്ടിക് അതോറിറ്റിക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമ ലംഘനങ്ങള് കണ്ടെത്തുന്നതിനൊപ്പം പൊതുജനങ്ങള് ആവശ്യമായ സഹായങ്ങള് ലഭ്യമാക്കുന്നതിനും സുരക്ഷാ സേനയും പ്രത്യേക ശ്രദ്ധ നല്കുന്നുണ്ട്. ഒരാഴ്ചക്കിടയില് 114 വാഹനാപകടങ്ങളില് ഉടനടി അധികൃതരുടെ ഇടപെടലുണ്ടായി. 370ലധികം ആളുകള്ക്ക് അടിയന്തര സഹായവും ഇക്കാലയളവില് ലഭ്യമാക്കി.
രാജ്യത്ത് ഇനിയും നിരവധി നിയമ ലംഘകര് തുടരുന്നതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും പരിശോധന കൂടുതല് ശക്തമാക്കാനാണ് തീരുമാനം. ഗതാഗത നിയമ ലംഘനങ്ങള് കണ്ടെത്തുന്നതിനായുള്ള പരിശോധയും കൂടുതല് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. രാജ്യത്തെ നിയമങ്ങള് പാലിക്കാന് എല്ലാവരും ബാധ്യസ്ഥരാണെന്നും നിയമ ലംഘകര്ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Content Highlights: Kuwait has stepped up action against law violators by strengthening inspection drives across various sectors. Authorities said the move aims to ensure compliance with regulations and maintain public order. The intensified inspections form part of broader efforts to tighten enforcement and address violations effectively.