പുതുവത്സര അവധി ദിനങ്ങളില് കുവൈത്ത് വിമാനത്താവളം വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണത്തില് റെക്കോര്ഡ് വര്ധന. മൂന്ന് ദിവസത്തിനുള്ളില് ഒന്നര ലക്ഷത്തിലധികം ആളുകളാണ് കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത്. ആയിരത്തിലേറെ വിമാനങ്ങളും ഇക്കാലയളവില് സര്വീസ് നടത്തി.
കുവൈത്ത് സിവില് ഏവിയേഷന് വിഭാഗം പുറത്ത് വിട്ട കണക്കുകള് പ്രകാരം ഈ വര്ഷത്തെ പുതുവത്സര അവധിക്കാലത്ത് 1,73,982 പേരാണ് കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത്. ജനുവരി ഒന്ന് മുതല് മൂന്ന് വരെയുള്ള മൂന്ന് ദിവസങ്ങളിലാണ് ഇത്രയുമധികം യാത്രക്കാര് വിമാനത്താവളത്തെ ആശ്രയിച്ചത്. ടെര്മിനല് ഒന്ന് വഴി 72,427 പേരും ടെര്മിനല് നാല് വഴി 54,330 പേരും ടെര്മിനല് അഞ്ചിലൂടെ 47,225 പേരും യാത്ര ചെയ്തതായി ഏവിയേഷന് സേഫ്റ്റി ആന്ഡ് എയര് ട്രാന്സ്പോര്ട്ട് വിഭാഗം ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടര് ജനറല് അബ്ദുള്ള ഫദൗസ് അല്-രാജി വ്യക്തമാക്കി.
അവധി ദിവസങ്ങളില് 1,082 വിമാന സര്വീസുകളാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഓപ്പറേറ്റ് ചെയ്തത്. ഇതില് 540 വിമാനങ്ങള് കുവൈത്തില് നിന്ന് പുറപ്പെട്ടതും 542 വിമാനങ്ങള് രാജ്യത്തേക്ക് എത്തിയതുമാണ്. പുതുവത്സര അവധി ആഘോഷിക്കാന് കുവൈത്തിലെ താമസക്കാര് പ്രധാനമായും തിരഞ്ഞെടുത്തത് ദുബായ്, കെയ്റോ, ജിദ്ദ, ദോഹ, ഇസ്താംബുള് എന്നീ നഗരങ്ങളെയാണെന്നും കണക്കുകള് വ്യക്തമാക്കുന്നു.
യാത്രക്കാരുടെ വര്ധിച്ച തിരക്ക് നിയന്ത്രിക്കുന്നതിനായി വിമാനത്താവളത്തിലെ എല്ലാ ടെര്മിനലുകളിലും പ്രത്യേക ക്രമീകരണങ്ങളും സൗകര്യങ്ങളും ഏര്പ്പെടുത്തിയിരുന്നതായും അധികൃതര് വ്യക്തമാക്കി. വിമാനത്താവളത്തിലെ മികച്ച സൗകര്യങ്ങളും വേഗത്തിലുളള നടപടിക്രമങ്ങളുമാണ് യാത്രക്കാരുടെ വര്ദ്ധനവിന് കാരണമെന്നും സിവില് ഏവിയേഷന് വിഭാഗം വ്യക്തമാക്കി.
Content Highlights: Kuwait International Airport witnessed a record increase in passenger traffic during the New Year holiday period. Airport authorities reported a significant rise in the number of travellers passing through the airport compared to previous days. The surge was attributed to holiday travel and increased flight operations during the festive season.