കുവൈത്തില് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ വാര്ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്ക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. നിയമ വിരുദ്ധ പ്രവര്ത്തനം നടത്തുന്നവര് തടവും പിഴയും ഉള്പ്പെടെയുള്ള ശിക്ഷാ നടപടികള് നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി.
ആധുനിക സാങ്കേതിക വിദ്യയുടെ വളര്ച്ച വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്. ഈ സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്. ആര്ട്ടിഫിഷ്യല് ഇന്റലിജെൻസിന്റെ സാധ്യതകള് പ്രയോജനപ്പെടുത്തുന്നതിനൊപ്പം അതിന്റെ ദുരുപയോഗം തടയുക കൂടിയാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ദൃശ്യങ്ങളും ശബ്ദങ്ങളും കൃത്രിമമായി നിര്മിച്ച് വ്യാജവാര്ത്തകള് പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്നതാണ് ഇത്തരം പ്രവര്ത്തികള്. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് പൊതുസമൂഹത്തില് തെറ്റിദ്ധാരണ പരത്തുന്നവര്ക്കും വ്യക്തിഹത്യ നടത്തുന്നവര്ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് അധികൃതര് മുന്നറിയിപ്പ് നല്കി.
സര്ക്കാരിന്റെയോ മറ്റ് സ്ഥാപനങ്ങളുടെയോ പേരില് വ്യാജ അറിയിപ്പുകള് നിര്മിക്കുന്നവരും കടുത്ത നടപടി നേരിടേണ്ടി വരും. കനത്ത പിഴയും തടവും ഉള്പ്പെടെയുള്ള ശിക്ഷകളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില് ഉള്പ്പെടെ പ്രചരിക്കുന്ന ഇത്തരം തട്ടിപ്പുകള് കണ്ടെത്തുന്നതിയി ഡിജിറ്റല് ഇടങ്ങളില് വ്യാപകമായ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. സൈബര് സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. വ്യാജ വാര്ത്തകളിലും സന്ദേശങ്ങളിലും വീഴരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ഏതെങ്കിലും വാര്ത്തയോ സന്ദേശമോ ശ്രദ്ധയില്പെടുമ്പോള് അത് ഔദ്യോഗിക സ്രോതസ്സുകളില് നിന്നാണെന്ന് ഉറപ്പുവരുത്തണം. എഐ നിര്മിതമായ വ്യാജ വിഡിയോകളും ഓഡിയോകളും തിരിച്ചറിയാന് പ്രയാസമായതിനാല്, സംശയാസ്പദമായ ലിങ്കുകളും വാര്ത്തകളും ഷെയര് ചെയ്യുന്നതിന് മുന്പ് അവയുടെ സത്യാവസ്ഥ പരിശോധിക്കുകയും വേണമെന്നും മന്ത്രാലയം അറിയിച്ചു.
Content Highlights: Kuwait has strengthened enforcement measures against those using artificial intelligence to spread fake news and misleading messages. Authorities warned that legal action will be taken against violators as part of efforts to curb misinformation, protect public order, and ensure responsible use of advanced technologies across digital platforms.