ഭൂമിയിൽ ഏറ്റവും വലിയ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കുവൈത്ത്. ഈ രാജ്യത്തിന്റെ ഭൂപ്രകൃതി ഏതാണ്ട് പൂർണ്ണമായും വരണ്ട മരുഭൂമിയാൽ ചുറ്റപ്പെട്ടതാണ്. സ്വന്തമായി നദികളോ തടാകങ്ങളോ വറ്റാത്ത അരുവികളോ കുവൈത്തിലില്ല. എന്നാൽ ഈ അസാധാരണ സാഹചര്യത്തിലും കുവൈത്ത് ജനതയ്ക്ക് കൃത്യമായി ജലം ലഭിക്കാറുണ്ട്.
കുവൈത്തിൽ ഒരു വർഷം ശരാശരി 120 മില്ലീമീറ്ററിൽ താഴെ മാത്രമാണ് മഴ ലഭിക്കാറുള്ളത്. എന്നാൽ ഈ മഴയിൽ നിന്നുമുള്ള വെള്ളം അധിക സമയം നിലനിൽക്കാറില്ല. കഠിനമായ ചൂട് കാരണം മഴവെള്ളം ശേഖരിക്കാനോ വീണ്ടും ഉപയോഗിക്കാനോ കഴിയാറില്ല. കുവൈത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഭൂരിഭാഗവും കടൽ ജലം ശുദ്ധീകരിച്ചതാണ്. കുടിവെള്ളത്തിന്റെ 90 ശതമാനത്തിലധികവും ഉത്പാദിപ്പിക്കുന്നത് അറേബ്യൻ ഗൾഫിൽ നിന്ന് എടുക്കുന്ന കടൽവെള്ളം വലിയ തീരദേശ പ്ലാന്റുകളിൽ ശുദ്ധീകരിച്ചാണ്.
കടൽവെള്ളം ശുദ്ധീകരിച്ചാണ് കുവൈത്തിലെ ദൈനംദിന ജീവിതത്തിന്റെ ഭൂരിഭാഗം മേഖലകളിലും ഉപയോഗിക്കുന്നത്. വീടുകൾക്കും വ്യവസായങ്ങൾക്കും പൊതുസേവനങ്ങൾക്കും ഈ ജലം ലഭ്യമാക്കുന്നുണ്ട്. കടൽജലം ശുദ്ധീകരിച്ചതിന്റെ ഭൂരിഭാഗവും കുടിവെള്ള ആവശ്യങ്ങൾക്കായാണ് മാറ്റിവെച്ചിരിക്കുന്നത്.
മലിനജലം ശുദ്ധീകരിച്ച് വീണ്ടും ഉപോയഗിക്കുന്നതും കുവൈത്തിന്റെ ജലക്ഷാമം കുറയ്ക്കുന്നു. ഇത്തരം ജലം കുടിക്കാൻ ഉപയോഗിക്കുന്നില്ല. മറിച്ച് കാലിത്തീറ്റ കൃഷി, ഈന്തപ്പന തോട്ടങ്ങൾ, നഗരങ്ങളിലെ പൂന്തോട്ടങ്ങൾ എന്നിവ നനയ്ക്കാൻ ഇത് നിർണായക പങ്ക് വഹിക്കുന്നു. ഒപ്പം മനുഷ്യരുടെ ഉപയോഗത്തിനായി ഉയർന്ന ഗുണമേന്മയുള്ള ശുദ്ധജലം സംരക്ഷിക്കാൻ സഹായിക്കുന്നു.
Content Highlights: Kuwait, located in an arid desert region, struggles with water scarcity. The country addresses this challenge through advanced water management techniques, including desalination, efficient distribution, and conservation measures, ensuring adequate water supply for its population despite harsh environmental conditions.