കുവൈത്തില് വന് മയക്കുമരുന്ന് വേട്ട. ഒരു സ്വദേശിയെയും രണ്ട് പ്രവാസികളെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ മേഖലകളില് ലഹരിമരുന്നു വിതരണം ചെയ്യുന്ന ശൃംഖലയുടെ ഭാഗമാണ് ഇവരെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം നിലവില് വന്നതിന് പിന്നാലെ രാജ്യവ്യാപകമായി നടത്തിവരുന്ന പരിശോധനക്കിടെയണ് ലഹരി മരുന്നുമായി മൂന്ന് പേര് പിടിയിലായത്. ഇതില് രണ്ട് പേര് ഏഷ്യന് വംശജരായ പ്രവാസികളും ഒരാള് കുവൈത്ത് സ്വദേശിയുമാണ്.
അല്-മന്ഖഫ്, അല്-റിഖ, അല്-മഹ്ബൂല എന്നീ മേഖലകളില് ജനറല് ഡിപ്പാര്ട്ട്മെന്റ് ഫോര് ഡ്രഗ് കണ്ട്രോള് വിഭാഗം നടത്തിയ മിന്നല് പരിശോധനയിലാണ് പ്രതികള് പിടിയിലായത്. രണ്ട് പ്രതികളില് നിന്ന് 15 ഗ്രാം മരിജുവാന, 5 ഗ്രാം ക്രിസ്റ്റല് മെത്താംഫെറ്റാമൈന്, മയക്കുമരുന്ന് വില്പ്പനക്കായി ഉപയോഗിച്ചിരുന്ന ഡിജിറ്റര് ത്രാസ് എന്നിവ പിടിച്ചെടുത്തു.
കുവൈത്തി പൗരന്റെ കൈവശം ലഹരിമരുന്ന് കണ്ടെത്തിയില്ലെങ്കിലും പിടികൂടുന്ന സമയത്ത് ഇയാള് അമിത ലഹരി ഉപയോഗിച്ച നിലയിലായിരുന്നു. പ്രതികളെ കൂടുതല് നിയമ നടപടികള്ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിന്ന് ലഹരി മാഫിയകളെ പൂര്ണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ കൊണ്ടുവന്ന മയക്കുമരുന്ന് നിയമപ്രകാരം കുറ്റവാളികള്ക്ക് അതികഠിനമായ ശിക്ഷയാണ് ലഭിക്കുക.
ലഹരിമരുന്ന് കടത്തുന്നവര്ക്കും വില്ക്കുന്നവര്ക്കും വധശിക്ഷ വരെ നല്കാന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. മയക്കുമരുന്ന് മാഫിയക്ക് എതിരായ പോരാട്ടം തുടരുമെന്നും വരും ദിവസങ്ങളില് പരിശോധന കൂടുതല് ശക്തമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Kuwaiti and Two Asian Expats Detained in Drug Possession Case