പ്രവാസികൾക്ക് തിരിച്ചടി; ആരോഗ്യ ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിച്ചുകൊണ്ടുള്ള നിയമം നിലവിൽ വന്നു

മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ഗാര്‍ഹിക തൊഴിലാളികള്‍ സ്‌പോണ്‍സറുമായുള്ള ധാരണയില്‍ പുറത്ത് ജോലി ചെയ്യുന്നവരാണ്

കുവൈത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം ഇന്നുമുതല്‍ നിലവില്‍ വന്നു. പുതിയ നിയമ പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിന് ഇനിമുതല്‍ ഇരട്ടി തുക നല്‍കേണ്ടി വരും. നേരത്തേ ജീവിത പങ്കാളിക്ക് 40 ദിനാറും 18 വയസില്‍ താഴെയുള്ള കുട്ടുകള്‍ക്ക് 30 ദിനാറുമായിരുന്നു ഫീസ്. എന്നാല്‍ പുതിയ നിയമം നിലവില്‍ വന്നതോടെ ഓരോരുത്തര്‍ക്കും നൂറ് ദിനാര്‍ വീതം നല്‍കണം.

വിസിറ്റ് വീസയില്‍ എത്തുന്നവർക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. എന്‍ട്രി വീസയില്‍ എത്തുവര്‍ക്കു താമസാനുമതി ലഭിക്കുന്നത് വരെ മാസത്തില്‍ അഞ്ച് ദിനാര്‍ ഇന്‍ഷുറന്‍സ് ഫീസ് ഈടാക്കും. കുവൈത്ത് പൗരന്മാരെ വിവാഹം ചെയ്ത വിദേശ വനിതകള്‍, വിദേശികളെ വിവാഹം ചെയ്ത സ്വദേശി വനിതകളുടെ മക്കള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ തുടങ്ങി ചില വിഭാഗങ്ങളെ നിരക്കുവര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കുടുംബസമ്മേതം കുവൈത്തില്‍ താമസിക്കുന്നവരെയാകും നിരക്ക് വര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുക. സ്വദേശിയുടെ കീഴില്‍ ഗാര്‍ഹിക വിസയില്‍ ജോലി ചെയ്യുന്ന ആദ്യത്തെ മൂന്ന് തൊഴിലാളികള്‍ക്ക് മാത്രമാണ് വര്‍ഐനവില്‍ ഇളവ് നല്‍കിയിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ഗാര്‍ഹിക തൊഴിലാളികള്‍ സ്‌പോണ്‍സറുമായുള്ള ധാരണയില്‍ പുറത്ത് ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ ഇത്തരക്കാരും ഇളവിന്റെ പരിധിയില്‍ വരില്ല.

Content Highlights: Kuwait announces major hike in health insurance

To advertise here,contact us