കുവൈത്ത്: വിദേശത്ത് നിന്നുള്ള മരുന്നുകള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തി കുവൈത്ത് ഭരണകൂടം. ലഹരിവസ്തുക്കള് അടങ്ങിയ മരുന്നുകള്ക്കും സൈക്കാട്രിക് ഘടകങ്ങളുള്ള മരുന്നുകള്ക്കുമാണ് കടുത്ത നിയന്ത്രണം. കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്- അവധിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
വിദേശത്ത് നിന്ന് പ്രവാസികള് കുവൈറ്റിലേക്ക് കൊണ്ടുവരുന്ന വിവിധ മരുന്നുകള്ക്കാണ് ആരോഗ്യമന്ത്രാലയം നിയന്ത്രണം ഏര്പ്പെടുത്തിയത്. ലഹരിമരുന്ന് അടങ്ങിയ മരുന്നുകളും സൈക്കാട്രിക് ഘടകങ്ങളുള്ള മരുന്നുകളും രാജ്യത്തേക്ക് കൊണ്ടുവരുന്നവര് കുവൈത്ത് എംബസിയുടെയോ വിദേശത്തുള്ള കുവൈത്ത് ആരോഗ്യകാര്യ മന്ത്രാലയത്തിന്റെയോ അംഗീകാരമുള്ള മെഡിക്കല് റിപ്പോര്ട്ടുകള് ഹാജരാക്കേണ്ടി വരും. പുതിയ ഉത്തരവിലെ ഒന്നാം വകുപ്പ് പ്രകാരം, നിയമത്തിലെ ഒന്നാം പട്ടികയില് ഉള്പ്പെട്ട മരുന്നുകള് പരമാവധി പതിനഞ്ച് ദിവസത്തേക്കുള്ളവ മാത്രമേ കൊണ്ടുവരാന് അനുവദിക്കുകയുളളു.എന്നാല് രണ്ടാമത്തെ ഗ്രൂപ്പില് ഉള്പ്പെട്ട മറ്റ് മരുന്നുകള് പരമാവധി ഒരു മാസത്തെ ചികിത്സയ്ക്ക് ആവശ്യമായ അളവില് കൊണ്ടുവരാനാകും.
കുവൈത്തിലെ വിമാനത്താവളങ്ങളിലോ അതിര്ത്തികളിലോ എത്തുമ്പോള് ജനറല് അഡ്മിനിസ്ട്രേഷന് ഓഫ് കസ്റ്റംസിന് മുന്പില് മരുന്നുകളുടെ കുറിപ്പടികളും മെഡിക്കല് റിപ്പോര്ട്ടുകളും ഹാജരാക്കേണ്ടത് നിര്ബന്ധമാണ്. കുവൈത്തിലേക്ക് എത്തുന്നതിന് മുന്പ് തന്നെ അതത് രാജ്യങ്ങളിലെ ഔദ്യോഗിക കേന്ദ്രങ്ങള് ഈ രേഖകള് സാക്ഷ്യപ്പെടുത്തിയിരിക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. നിയമ ലംഘകര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിദേശത്ത് നിന്ന് മരുന്നുകളുമായി യാത്ര പുറപ്പെടുന്നതിന് മുമ്പ് കുവൈത്തിലെ നിയമങ്ങള് കൃത്യമായി മനസിലാക്കണമെന്നും മന്ത്രാലയത്തിന്റെ ഉത്തരവില് പറയുന്നു.