കുവൈത്തില് സര്ക്കാര് ജോലിക്ക് അപേക്ഷിക്കുന്നവര്ക്ക് ലഹരി പരിശോധന നിര്ബന്ധമാക്കി. മയക്കുമരുന്നോ സൈക്കോട്രോപിക് മരുന്നുകളോ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. നിലവില് ജോലി ചെയ്യുന്ന ജീവനക്കാരെ പരിശോധനക്ക് വിധേയമാക്കാനുള്ള വ്യവസ്ഥയും നിയമത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്.
കുവൈത്തില് നിന്ന് മയക്കുമരുന്നിന്റെ വില്പ്പനയും ഉപയോഗവും പൂര്ണമായും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം നടത്തി വരുന്ന തുടര്ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. രാജ്യത്ത് സര്ക്കാര് മേഖലയില് ജോലിക്ക് അപേക്ഷിക്കുന്ന സ്വദേശികളും പ്രവാസികളും ലഹരി മരുന്ന പരിശോധനക്ക് വിധേയമാകണമെന്ന് ഉത്തരവില് പറയുന്നു. മയക്കുമരുന്നോ ഡോക്ടറുടെ നിര്ദേശമില്ലാകെ സൈക്കോട്രോപിക് ഗുളികളോ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.
വിവിധ സര്ക്കാര് വകുപ്പുകള്ക്ക് ഇത് സംബന്ധിച്ച പരിശോധനക്ക് അധികാരമുണ്ടായിരിക്കുമെന്ന് ഉത്തരവില് വ്യക്തമാക്കുന്നു. മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട 2025 ലെ ഡിക്രി-ലോ നമ്പര് 159-ന്റെ 66-ാം വകുപ്പ് പ്രകാരമാണ് നടപടി. അതിനിടെ കേന്ദ്ര സര്ക്കാര് ജോലികളിലേക്കുള്ള നിയമന നടപടികളില് ലഹരി പരിശോധന ആവശ്യമുണ്ടോ എന്ന് അതാത് സ്ഥാപനങ്ങളിലെ നിയമന അധികാരികള്ക്ക് തീരുമാനിക്കാമെന്നും ഉത്തരവില് പറയുന്നു.
സര്ക്കാര് ജോലിക്കായി ആവശ്യമായ ശാരീരിക യോഗ്യതകള് സിവില് സര്വീസ് നിയമത്തിലെ ആര്ട്ടിക്കിള് 1-ല് വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യപരമായി അയോഗ്യരായി കണ്ടെത്തുന്ന ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുന്നതിനുള്ള നിയമവും രാജ്യത്ത് നിലവിലുണ്ട്. ജോലിയില് പ്രവേശിച്ച ശേഷം ലഹരി വസ്തുക്കള് ഉപയോഗിച്ചാലും അത്തരം ജീവനക്കാരെ അയോഗ്യരായി കണക്കാക്കും. നിശ്ചിത ഇടവേളകളില് ജീവനക്കാരെ ലഹരി പരിശോധനക്ക് വിധേയരാക്കാന് സ്ഥാപനമേധാവികള്ക്ക് അധികാരം നല്കുന്ന വ്യവസ്ഥയും പുതിയ നിയമത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Kuwait Government Mandates Now Drug Testing for Applicants