കുവൈറ്റിൽ ലഹരിക്ക് അടിമപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും ചേർത്ത് പിടിക്കാനുള്ള പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം. ക്രിമിനൽ നടപടികളിലേക്ക് നീങ്ങാതെ ഇത്തരക്കാർക്ക് ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്നതടക്കമുള്ള നടപടികൾക്കാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചിരിക്കുന്നത്. ലഹരിക്ക് അടിമപ്പെട്ട വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും നിയമപരമായി സഹായം നൽകുന്നതിന് ആഭ്യന്തര മന്ത്രാലയം സർക്കുലർ ഇറക്കിയിരുന്നു. ഇതിലാണ് ലഹരിക്ക് അടിമപ്പെട്ടവരെ ചേർത്ത് പിടിക്കാനുള്ള നടപടികൾ പരാമർശിക്കുന്നത്.
സാഹചര്യങ്ങൾ വിലയിരുത്തി ക്രിമിനൽ നടപടികളിലേക്ക് നീങ്ങാതെ തന്നെ ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്ന വ്യവസ്ഥയുമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. 'മാതൃരാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നു' എന്ന പേരിൽ പ്രചാരണവും നടത്തുന്നുണ്ട്. ലഹരി ഉപയോഗത്തിൽ കുടുങ്ങിയവരെ ശിക്ഷിക്കുന്നതിനു പകരം പുനരധിവാസത്തിലേക്ക് നയിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സ ഉറപ്പാക്കുന്ന വിവിധ സംവിധാനങ്ങളും നിലവിലുണ്ട്.
അടുത്ത ബന്ധുക്കൾക്ക്, ലഹരിക്ക് അടിമായ ബന്ധുവിനെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ടോൾ ഫ്രീ നമ്പർ വഴി പരാതി നൽകാനാകും. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന കേസുകളിൽ, ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാതെ ലഹരിക്ക് അടിമയായ വ്യക്തിയെ അംഗീകൃത മെഡിക്കൽ കേന്ദ്രങ്ങളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കാൻ കഴിയും. ലഹരിക്ക് അടിമപ്പെട്ടയാൾക്ക് ലൈസൻസുള്ള ചികിത്സാ കേന്ദ്രങ്ങളിൽ പുനരധിവാസത്തിനായി സ്വമേധയാ അപേക്ഷ നൽകാനും അവസരമുണ്ട്. ചികിത്സക്കായി സ്വയം മുന്നോട്ട് വരുന്നവർക്ക് കേസുകൾ ഇല്ലാതെ തന്നെ പരിചരണവും പിന്തുണയും ലഭ്യമാക്കും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരക്കാരുടെ വിവരങ്ങൾ പൂർമായും രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രാലയത്തിന്റെ സർക്കുലറിൽ പറയുന്നു.
Content Highlight; Kuwait’s Ministry of Interior has launched a new initiative to reunite drug addicts with their family members