വായ്പയെടുത്ത് മുങ്ങിയാൽ പിടിവീഴും; അറസ്റ്റ് ഉള്‍പ്പടെയുളള നടപടികളുമായി കുവൈത്ത്

ദീര്‍ഘകാലം വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്കെതിരെ ബാങ്കുകള്‍ നിയമനടപടികള്‍ ആരംഭിച്ചതായും അധികൃതര്‍

കുവൈത്തില്‍ നിന്ന് ബാങ്ക് വായ്പയെടുത്ത് മുങ്ങിയാല്‍ പിടിവീഴും. അറസ്റ്റ് ഉള്‍പ്പടെയുളള നടപടികളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിമാനത്തവളങ്ങളിൽ പ്രത്യേക പരിശോധനയും ആരംഭിച്ചിട്ടുണ്ട്. കുവൈത്തിലെ ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്ത ശേഷം ദീര്‍ഘകാലം തിരിച്ചടവ് മുടക്കി നാട്ടില്‍ കഴിയുന്നവര്‍ക്ക് കര്‍ശനമായ മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

കടബാധ്യതകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഇവര്‍ തിരികെ കുവൈത്തില്‍ എത്തുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് പിടിയിലാകും. ദീര്‍ഘകാലം വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്കെതിരെ ബാങ്കുകള്‍ നിയമനടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്ത് നാട്ടില്‍ പോകുകയും ദീര്‍ഘകാലം വായ്പാ തിരിച്ചടവ് മുടങ്ങുകയും ചെയ്തവര്‍ക്കെതിരെയാണ് ബാങ്കുകളുടെ നീക്കം. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തി രാജ്യത്ത് തുടരുന്നവരും പിടിയിലാകും. കടബാധ്യതയുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറന്റ് നേരിടുന്നവരെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ പട്രോള്‍ വാഹനങ്ങളില്‍ പ്രത്യേക സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമെ അറസ്റ്റ് വാറന്റ് നേരിടുന്നവരെ കണ്ടെത്തുന്നതിന് അതിര്‍ത്തി കവാടങ്ങളിലും വിമാനത്താവളങ്ങളിലും പ്രത്യേക സുരക്ഷാ പരിശോധനയും നടത്തുന്നുണ്ട്. ലോണ്‍ ബാധ്യതകളുള്ള പ്രവാസികള്‍ നിയമപരമായ നടപടികളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: Kuwait strengthens laws who fleeing with loans unpaid

To advertise here,contact us