കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്മിനല് അടുത്ത വര്ഷം യാത്രക്കാര്ക്കായി തുറക്കും. വര്ദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം പരിഗണിച്ച് വിമാനയാത്ര കൂടുതല് സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ടെര്മിനല് തയ്യാറാക്കുന്നത്. യാത്രക്കാര്ക്കായി അത്യാധുനിക സൗകര്യവും ടെര്മിനലില് ഒരുക്കും.
രണ്ടാമത് ടെര്മിനലിന്റെ നിര്മ്മാണമാണ് അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ബാഗേജ് പരിശോധന ഉള്പ്പെടെ വേഗത്തില് പൂര്ത്തിയാക്കാന് കഴിയുന്ന അത്യാധുനിക സംവിധാനത്തോടെയാണ് പുതിയ ടെര്മിനല് തയ്യാറാകുന്നത്. പരമാവധി വേഗത്തില് പണി പൂർത്തിയാക്കാനാണ് തീരുമാനം. നിര്മ്മാണപൊതുമരാമത്ത് മന്ത്രാലയം കഴിഞ്ഞ ആഴ്ച അംഗീകരിച്ച പുതിയ മാറ്റങ്ങളും കൂട്ടിച്ചേര്ക്കലുകളും ഉള്പ്പെടെയുള്ള എല്ലാ ജോലികളും സമയപരിധിക്കുള്ളില് പൂര്ത്തിയാക്കണമെന്ന് നിര്മ്മാണ കമ്പനിക്ക്
സെന്ട്രല് ഏജന്സി ഫോര് പബ്ലിക് ടെന്ഡേഴ്സ് നിര്ദ്ദേശം നല്കി.
പ്രധാന ടെര്മിനല് കെട്ടിടം, സര്വീസ് സൗകര്യങ്ങള്,
വിമാനത്താവളത്തിലേക്കുള്ള റോഡുകള് എന്നിവയുടെ പ്രവര്ത്തന പരിധിയില് വരുത്തിയ മാറ്റങ്ങള് ഏജന്സി അംഗീകരിച്ചതിന് പിന്നാലെയാണ് സമയപരിധി നിശ്ചയിച്ചത്. കൃത്യസമയത്ത് പദ്ധതി പൂര്ത്തിയാക്കുന്നതിലുള്ള അധികൃതരുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് എയര്പോര്ട്ട് അതോറിറ്റി അറിയിച്ചു.
വിമാനത്താവളത്തിന്റെ പ്രവര്ത്തന ശേഷി വര്ദ്ധിപ്പിക്കുന്നതിനും യാത്രക്കാര്ക്ക് മെച്ചപ്പെട്ട സേവനങ്ങള് ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതിയില് മാറ്റങ്ങള് വരുത്തിയത്. പുതിയ ഭേദഗതികള് അംഗീകരിച്ചതിന് പിന്നാലെ
ടെര്മിനലിന്റെ നിര്മ്മാണ പ്രവര്ത്തികള് കൃത്യമായി മുന്നോട്ട് പോകുന്നതായും അധികൃതര് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ യാത്രാ ടെര്മിനല്.