ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക്

പ്രവാസികള്‍ ഉള്‍പ്പെടെ സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നവരെയാണ് തട്ടിപ്പ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സമൂഹമാധ്യമങ്ങളിലൂടെയുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തല്‍. കുറഞ്ഞ പലിശയ്ക്ക് ലോണ്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. വ്യാജ വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പ്രവാസികള്‍ ഉള്‍പ്പെടെ സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നവരെയാണ് തട്ടിപ്പ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. ഉടന്‍ ലോണ്‍ ലഭിക്കുമെന്നും ഡൗണ്‍ പേയ്മെന്റ് ആവശ്യമില്ലെന്നുമുളള വാഗ്ദാനങ്ങളാണ് ഇത്തരക്കാര്‍ നല്‍കുന്നത്. ഇതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി വ്യാജ പരസ്യങ്ങളും പോസ്റ്റ് ചെയ്താണ് ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. പരസ്യങ്ങളില്‍ ആകൃഷ്ടരായ നിരവധി ആളുകള്‍ക്കാണ് ഇതിനകം പണം നഷ്ടമായത്. രാജ്യത്തെ നിരവധി ബാങ്കുകള്‍ ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ പ്രമോഷനുകള്‍ പൂര്‍ണ്ണമായും തട്ടിപ്പ് ലക്ഷ്യംവച്ചുള്ളതാണ്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ബാങ്കിങ് വിശദാംശങ്ങളും സ്വന്തമാക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം.

സംശയം തോന്നുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമായി ഇടപഴകരുതെന്നും സ്ഥിരീകരിക്കാത്ത സ്രോതസ്സുകള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ കൈമാറരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമാനുസൃതമായി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നത് ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ വഴിയും ഔദ്യോഗിക ചാനലുകള്‍ വഴിയും മാത്രമാണ്. ഇതല്ലാത്ത മറ്റ് വഴികളിലൂടെ ലഭിക്കുന്ന വാഗ്ദാനങ്ങള്‍ വിശ്വസിക്കരുതെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. തട്ടിപ്പ് സംഘങ്ങള്‍ക്കെതിരായ അന്വേഷണവും ആഭ്യന്തര മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്.

Content Highlight; Online frauds are increasing; Kuwait Central Bank warns people to be cautious

To advertise here,contact us