വായ്പകൾ തിരിച്ചടയ്ക്കാത്തവർക്കെതിരെ കർശന നടപടി; അറസ്റ്റ് വാറന്റ് ഉൾപ്പെടെ പുറപ്പെടുവിച്ച് കുവൈത്ത്

വായ്പയെടുത്ത ശേഷം തിരിച്ചടാക്കത്തവര്‍ക്ക് പിടിവീഴും എന്ന ശക്തമായ സന്ദേശമാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്നത്

കുവൈത്തില്‍ വായ്പകൾ തിരിച്ചടയ്ക്കാത്തവര്‍ക്കെതിരെ നടപടി ശക്തമാക്കുന്നു. വായ്പാ തിരിച്ചടവില്‍ മുടക്കം വരുത്തിയ പ്രവാസികള്‍ ഉള്‍പ്പെടെ 3500 പേര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കൃത്യസമയത്ത് ബാധ്യതകള്‍ തീര്‍ക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കുവൈത്തില്‍ വായ്പയെടുത്ത ശേഷം തിരിച്ചടാക്കത്തവര്‍ക്ക് പിടിവീഴും എന്ന ശക്തമായ സന്ദേശമാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയവരെ കണ്ടെത്തുന്നതിനും നിയമ നടപടി സ്വീകരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് അധികൃതര്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗാമായി 3500 പേര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇതില്‍ 1,300 പേര്‍ പ്രവാസികളാണ്. 350 പേര്‍ വനിതകളും ഇതില്‍ ഉള്‍പ്പെടുന്നു. 2,200 കുവൈത്തി പൗരന്മാര്‍ക്കെതിരെയും വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെയും നിരവധി പേര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ വായ്പ തുകകള്‍ തിരിച്ചടക്കാന്‍ തയ്യാറായി.

ഇത്തരത്തില്‍ കുടിശികയും സാമ്പത്തിക ബാധ്യതകളും തീര്‍ത്തവര്‍ക്കെതിരെ പുറപ്പെടുവിച്ച വാറന്റുകള്‍ പിന്‍വലിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. ഇതുവരെ 1,964 അറസ്റ്റ് വാറന്റുകള്‍ റദ്ദാക്കി. 129 പേര്‍ക്കെതിരായ സജീവ അറസ്റ്റ് വാറന്റുകളും 114 പേരുടെ റിലീസ് ഉത്തരവുകളും പുറപ്പെടുവിച്ചതായി അധികൃതര്‍ വ്യക്തമാക്കി. അതിനിടെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: Action is being stepped up against those who do not repay loans in Kuwait

To advertise here,contact us