ഇന്ത്യയുടെ സൗന്ദര്യമാണ് ബഹുസ്വരതയെന്നും അത് അടിച്ചമര്ത്താനുള്ള ഏത് ശ്രമത്തെയും ജനങ്ങള് പരാജയപ്പെടുത്തുമെന്നും എഐസിസി സംഘടനാകാര്യ ജനറല് സെക്രട്ടറി കെ സി വേണുഗോപാല്. കുവൈറ്റ് ഒഐസിസിയുടെ മികച്ച പൊതു പ്രവര്ത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സാസാരിക്കുകയായിരുന്നു കെ സി വേണുഗോപാല്.
വേണുപൂര്ണിമ എന്ന പേരില് കുവൈറ്റ് ഒഐസിസി സംഘടിപ്പിച്ച പരിപാടിക്ക് ഫ്രീ ട്രേഡ് സോണിലെ കണ്വെന്ഷന് സെന്ററാണ് വേദിയായത്. രാഷ്ട്രത്തെ മൂടികൊണ്ടിരിക്കുന്ന ഇരുള് നീങ്ങി വെളിച്ചം വരാന് അധികം താമസം വേണ്ടി വരില്ലെന്ന് കെ സി വേണുഗോപാല് പറഞ്ഞു. കോണ്ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷയില് കവിഞ്ഞ ജനപങ്കാളിത്തമാണ് രാഹുല് ഗാന്ധിയുടെ വോട്ടര് അധികാര് യാത്രക്ക് ബീഹാറില് ലഭിച്ച് കൊണ്ടിരിക്കുന്നത്. സാധാരണ ജനങ്ങളും പ്രത്യേകിച്ച് യുവാക്കളും വലിയ ആവേശത്തോടെയാണ് രാഹുല് ഗാന്ധിയെ വരവേല്ക്കുന്നതെന്നും കെ സി വേണുഗോപാല് വ്യക്തമാക്കി.
ഒരു ലക്ഷം രൂപയും പ്രശംസാപത്രവും അടങ്ങിയ പ്രഥമ രാജീവ് ഗാന്ധി പുരസ്കാരം മുസ്ലീംലീഗ് അധ്യക്ഷന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള് കെ.സി വേണുഗോപാലിന് കൈമാറി. രാജീവ് ഗാന്ധിയുടെ പേരിലുളള അവാര്ഡ് കെ സി വേണുഗോപാലിന് നല്കാനായതില് ഏറെ സന്തോഷമുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള് അഭിപ്രായപ്പെട്ടു.
Content Highlights: Congress leader KC Venugopal praises India's diversity