വിസിറ്റ് വിസയില് കുവൈത്തില് എത്തുന്നവര്ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങള് നല്കില്ലെന്ന് ആരോഗ്യ മന്ത്രാലയം. ആരോഗ്യമന്ത്രി ഡോക്ടര് അഹമ്മദ് അബ്ദുല് വഹാബ് അല്-അവാദി ഇതുസംബന്ധിച്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്ത് അടുത്തിടെ നടപ്പിലാക്കിയ വിസ പരിഷ്കരണ നടപടികള്ക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം.
താല്ക്കാലിക വിസകളിലോ സന്ദര്ശനത്തിനായോ കുവൈറ്റില് എത്തുന്നവര്ക്ക് ആശുപത്രികള്, പ്രത്യേക ആരോഗ്യ കേന്ദ്രങ്ങള്, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള് എന്നിവ നല്കുന്ന ആരോഗ്യ സേവനങ്ങള് ലഭ്യമാകില്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ പൗരന്മാര്ക്കും ആരോഗ്യ ഇന്ഷുറന്സ് പരിരക്ഷയുള്ളവര്ക്കും നല്കുന്ന സേവനം കുടുതല് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ആരോഗ്യ സംവിധാനത്തിന്റെ സുസ്ഥിരത ഉറപ്പാക്കുക, സേവന വിതരണം സുഗമമാക്കുക, അര്ഹരായവര്ക്ക് അത് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ തയ്യാറാക്കിയ സമഗ്രമായ ആരോഗ്യ സംരക്ഷണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ പുതിയ തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മുന്കാലങ്ങളില് സന്ദര്ശന വിസയില് എത്തിയശേഷം നിരവധിപേരാണ് ചിലവേറിയ ചികിത്സ സൗജന്യമായി നേടിയത്. ഈ സാഹചര്യത്തില് കൂടിയാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം.
Content Highlights: Kuwait excludes visit visa holders from accessing public healthcare services